നെഹ്‌റു ട്രോഫിയില്‍ തുഴയെറിയാന്‍ പഞ്ചായത്ത് പ്രസിഡന്റും
ഹരിപ്പാട്: നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഇക്കുറി പുതുമകളേറെ. പോയ വര്‍ഷങ്ങളിലും ഇത്തവണയും അന്യസംസ്ഥാനത്ത് നിന്നുള്ള തുഴച്ചില്‍ക്കാരും സൈനികരും വിദേശ വനിതകളുമടക്കം ഒരു കൈ പയറ്റാന്‍ ഇറങ്ങുമ്പോള്‍ പുതുതലമുറയ്ക്ക് ആവേശമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തേരാളിയുടെ ജഴ്‌സിയണിയുന്നു. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാറാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ മഹാദേവികാട് ചൂണ്ടനുമായി എത്തുന്നത്. ജില്ലയിലെ തന്നെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ഒരാളാണ് ഇദ്ദേഹമെന്ന് പ്രത്യേകതയുമുണ്ട്.
മഹാദേവികാട് എലഗന്‍സ് ബോട്ട് ക്ലബ്ബിന്റെ നേത്യത്വത്തില്‍ എഴുപത്തിയെട്ടു തുഴക്കാരും ഒന്‍പത് നിലക്കാരും അഞ്ച് അമരക്കാരും അടങ്ങുന്ന ടീം തൃക്കുന്നപ്പുഴ പുളിക്കീഴ് ആറ്റില്‍ തിവ്രപരിശീലനത്തിലാണ്. അടുത്തിടെ പുതുക്കി പണിത മഹാദേവികാട് ചുണ്ടന്‍ പഴയ ആയാപറമ്പ് വലിയ ദിവാന്‍ജി വള്ളമാണ്. കളിവള്ളങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന പാരമ്പര്യത്തിന്റെ ഉടമകളായ പുളിക്കീഴ് കാട്ടില്‍ തെക്കതില്‍ കുടുംബമാണ് വലിയ ദിവാന്‍ജി വള്ളം വിലയ്ക്കു വാങ്ങി പുതുക്കി പണിത് തങ്ങളുടെ നാടിന്റെ പേരില്‍ നീറ്റിലിറക്കിയിരിക്കുന്നത്. നമ്മുടെ പൈതൃക സമ്പത്തായ വള്ളംകളിയിലേക്ക് പുത്തന്‍ തലമുറയെ ആകര്‍ഷിക്കുക എന്നതാണ് തന്റെ ഈ ക്യാപ്റ്റന്‍ പദവിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പഞ്ചായത്താണ് കുമാരപുരം . കയര്‍ മത്സ്യമേഖലയായ കുമാരപുരം ,തൃക്കുന്നപ്പുഴ കാര്‍ത്തികപ്പള്ളി പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാര്‍ അണിനിരക്കുന്ന ടീമില്‍ തികച്ചും വ്യത്യസ്തമായതും ചിട്ടയായതുമായ പരിശീലനമാണ് നല്‍കി കൊണ്ടിരിക്കുന്നത്. രാവിലെയും വൈകുന്നേരവുമുള്ള പരിശീലനതുഴച്ചില്‍ കാണാന്‍ നിരവധിയാളുകളാണ് പുളിക്കീഴ് എത്തുന്നത്. ഏതായാലും ഭരണ രംഗത്തെ തിളക്കം വള്ളംകളിയിലും നിലനിര്‍ത്താനാകുമെന്നാണ്് സുരേഷ് കുമാറിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."