നെടുംമ്പാള്‍ ബോംബ് സ്ഫോടന കേസിലെ പ്രതി കോടതി റിമാന്‍ഡില്‍
പുതുക്കാട്: നെടുംമ്പാള്‍ ബോംബ് സ്ഫോടന കേസില്‍ കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ നെല്ലായി പന്തല്ലൂര്‍ ആലപ്പാട്ട് മാടാനി ജോര്‍ജിന്റെ മകന് ജിജോ (26) യെ കോടതി റിമാന്‍ഡ് ചെയ്തു. 2015 ലെ ക്രിസ്മസ് ദിനത്തില്‍ ബി.ജെ.പി യിലെ രണ്ടു ക്രിമിനല്‍ സംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയതിന്റെ ഫലമായി വിശ്വജിത്തും മെല്‍വിനും പറപ്പൂക്കര നെടുമ്പാളില്‍ വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ വിശ്വജിത്തിന്റെ അനുയായികളാണ് കഴിഞ്ഞ മാസം ഏഴിന് നെടുമ്പാളില്‍ നടുറോഡില്‍ ബോംബെറിഞ്ഞ കേസില്‍ പിടിയിലായ ജിജോയും പിടിയിലാവാനുള്ള ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശി നിതീഷ് എന്ന പക്രുവും.
ഇവരുടെ സംഘത്തില്‍ പെട്ടവരെ കഴിഞ്ഞ ദിവസം ഇരിഞ്ഞാലക്കുടയില്‍ ഉള്ള മറ്റൊരു ക്രിമിനല്‍ സംഘം മര്‍ദ്ദിച്ചിരുന്നു. അവരെ നേരിട്ടടിക്കാനുള്ള ആള്‍ബലം ജിജോവിനും കൂട്ടര്‍ക്കും ഇല്ലാത്തതിനാല്‍ കിട്ടുന്നിടത്തുവച്ചു 'പണി' കൊടുക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച നാടന്‍ ബോംബുമായി പോകുമ്പോള്‍ ആയിരുന്നു നെടുമ്പാള്‍ സംഭവം ഉണ്ടായത്.
'പണി' കൊടുക്കാന്‍ പുറപ്പെടുന്നതിനു മുമ്പായി നടത്തിയ മദ്യ സേവ അല്‍പ്പം കൂടിയതിനാല്‍ നെടുമ്പാളില്‍ വച്ചു ബോംബ് ഇവരുടെ കയ്യില്‍ നിന്നും വീണാണ് സ്ഫോടനം നടന്നതെന്ന് പൊലിസ് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന നിതീഷിന് സംഭവത്തില്‍ പരിക്കേറ്റ് ഇരിഞ്ഞാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
നിതീഷ് ഉടനെ പിടിയിലാവുമെന്ന് പുതുക്കാട് സി.ഐ എസ്.പി സുധീരന് പറഞ്ഞു. പിടിയിലായ ജിജോ കൊട്ടേഷന്‍ ടീം അംഗവും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമാണ്. ഒല്ലൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ഉണ്ടായിരുന്ന നേരത്തെ കൊല്ലപ്പെട്ട സന്ദീപ് ആണ് ബോംബ് നിര്‍മാണത്തില്‍ ഈ ടീമിന്റെ 'ഗുരു' എന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."