ചെറുകുളത്തൂരില്‍നിന്ന് വീണ്ടുമൊരു ശുഭവാര്‍ത്ത: മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറി
കോഴിക്കോട്: പെരുവയല്‍ പഞ്ചായത്തിലെ ചെറുകുളത്തൂര്‍ ഗ്രാമത്തില്‍നിന്ന് മൃതദേഹം പഠനാവശ്യത്തിനു നല്‍കാന്‍ നേരത്തെ സമ്മതപത്രം നല്‍കിയ 19 പേരില്‍ ആദ്യം മരിച്ചയാളുടെ മൃതദേഹം കൈമാറി. ചെറുകുളത്തൂര്‍ പുത്തന്‍പറമ്പത്ത് പുറായില്‍ കൃഷ്ണന്‍നായരു(79)ടെ മൃതദേഹമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിന് കൈമാറിയത്.
160 പേരുടെ കണ്ണ് ദാനം ചെയ്ത് മുന്നൂറില്‍പ്പരം പേര്‍ക്ക് വെളിച്ചം നല്‍കിയ ഗ്രാമം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുകുളത്തൂര്‍ കെ.പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് നേത്രദാന ഗ്രാമം പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കോഴിക്കോട് താലൂക്കിലെ ചുരുക്കം ചില എ ഗ്രേഡ് വായനശാലകളില്‍ ഒന്നാണിത്. രക്തദാനത്തില്‍ തുടങ്ങി മുന്നൂറില്‍പ്പരം പേര്‍ക്ക് വെളിച്ചം നല്‍കിയ ചെറുകുളത്തൂര്‍ പ്രദേശത്തുകാര്‍ അവയവദാന പ്രഖ്യാപനവും നടത്തി ജില്ലയ്ക്കും സംസ്ഥാനത്തിനും വേറിട്ട മാതൃകയൊരുക്കിയ പ്രദേശംകൂടിയാണ്.
മരണാനന്തരം മെഡിക്കല്‍ കോളജിന് ശരീരം നല്‍കാന്‍ സമ്മതപത്രം നല്‍കിയ 19 പേരില്‍ രക്തദാനം, നേത്രദാനം, അവയവദാനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ബോധവല്‍ക്കരണമുള്‍പ്പെടെ നേതൃത്വം നല്‍കിയ പുത്തന്‍പറമ്പത്ത് പുറായില്‍ കൃഷ്ണന്‍ നായരുടെ മൃതദേഹമാണ് മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിന് ആദ്യം നല്‍കിയതെന്ന പ്രത്യേകതയുമുണ്ട്.
മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തില്‍ ചെയര്‍മാന്‍ കെ.ആര്‍ സുബ്രഹ്മണ്യന്‍ അനാട്ടമി വിഭാഗം മേധാവി ഡോ. ജയശ്രീക്ക് മൃതദേഹവും സമ്മതപത്രവും കൈമാറി.
അനാട്ടമി വിഭാഗം ടെക്‌നീഷ്യന്‍ ശെല്‍വരാജ്, വായനശാല പ്രസിഡന്റ് ഇ. വിശ്വനാഥന്‍, ടി.എം ചന്ദ്രശേഖരന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.പി മാധവന്‍, എം.ടി.രവീന്ദ്രന്‍, ആശുപത്രി ജീവനക്കാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."