ഭീഷണിയുയര്‍ത്തി മിന്‍ച്ചിനടുക്കയിലെ കവുങ്ങിന്‍ തടിപ്പാലം
പുഴ കടക്കുന്നത്
ജീവന്‍ കൈയില്‍ പിടിച്ച്
കുതിച്ചൊഴുകുന്ന പുഴക്കു കുറുകെ നാലു കവുങ്ങ് തടികള്‍ ചേര്‍ത്തു വച്ചു നിര്‍മിച്ച പാലത്തിലൂടെയുള്ള യാത്ര തീര്‍ത്തും ദുഷ്‌കരമാണ്
ബദിയടുക്ക: ബദിയഡുക്ക പഞ്ചായത്തിലെ നാലും പതിമൂന്നും വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പെരഡാല വരദായിനി പുഴക്കു കുറുകെ മിന്‍ച്ചിനടുക്കയില്‍ നിര്‍മിച്ച കവുങ്ങിന്‍ തടിപ്പാലത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ജീവന്‍ തുലാസിലാണ്. കുതിച്ചൊഴുകുന്ന പുഴക്കു കുറുകെ നാലു കവുങ്ങ് തടികള്‍ ചേര്‍ത്തു വച്ചു നിര്‍മിച്ച പാലത്തിലൂടെയുള്ള യാത്ര തീര്‍ത്തും ദുഷ്‌കരമാണ്.
പാലത്തിനു മുകളില്‍ കൈവരികളില്ലാത്തതും അപകട ഭീഷണി വര്‍ധിപ്പിക്കുന്നു. നാടും നഗരവും വികസിക്കുമ്പോഴെങ്കിലും സ്ഥിരമായൊരു നടപ്പാലമെങ്കിലും വേണമെന്ന നാട്ടുകാരുടെ മുറവിളിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാലവര്‍ഷം തുടങ്ങിയാല്‍ ഏക ആശ്രയം ഇവിടുത്തെ കര്‍ഷകരുടെ കൂട്ടായ്മയില്‍ കമുങ്ങ് തടികൊണ്ട് ഉണ്ടാക്കുന്ന പാലമാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും കമുങ്ങ് പാലത്തിനു സമീപത്തെ കൂറ്റന്‍ മരം കട പുഴകി വീഴുകയും പാലം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് അരികിലെ മണ്ണ് ഒലിച്ചു പോയതിനാലും അപകടം മുന്നില്‍ കണ്ടു ഭീതിയോടെയാണു തദ്ദേശവാസികള്‍ പാലത്തിലൂടെ പുഴ കടക്കുന്നത്.
ബദിയഡുക്ക നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബാഞ്ചത്തടുക്ക, കൊല്ലമ്പറ, കൈലങ്കജ, മിന്‍ചിനടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകരും സ്‌കൂള്‍ വിദ്യാര്‍ഥികളും നീര്‍ച്ചാല്‍, കുമ്പള തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ ഉപയോഗിക്കുന്നത് ഊടുവഴിയിലെ ഈ പാലത്തിനെയാണ്. അല്ലാത്ത പക്ഷം കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചു ബദിയഡുക്ക വഴി യാത്ര തിരിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ പാലത്തിന്‍ മുകളില്‍ നിന്നു കാല്‍ വഴുതി വീണു സ്‌കൂള്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചിരുന്നു.
അതേസമയം, പാലം അപകടാവസ്ഥയിലായതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ പാലം പണിയുവാനുള്ള ഫണ്ട് പഞ്ചായത്തിലില്ലെന്നും ചെറുകിട ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്തുമെന്നും ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."