ജി.എസ്.ടിയുടെ പിതൃത്വം തേടി
ജി.എസ്.ടിയുടെ പിതൃത്വം തിരയുകയായിരുന്നു നിയമസഭ ഇന്നലെ. ഏതായാലും നരേന്ദ്രമോദി വളര്‍ത്തച്ഛന്‍ മാത്രമാണെന്ന് സഭയ്ക്കറിയാം. ജി.എസ്.ടി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അതു തിരഞ്ഞ് കൗടില്യനും അതിലപ്പുറം മനുവിലും വരെ എത്തി. കൗടില്യന്‍ ചരക്കുസേവന നികുതിയെപ്പറ്റി പറഞ്ഞത് ഗവേഷണം നടത്തി ചികഞ്ഞെടുത്തത് സി. ദിവാകരനാണ്.
അര്‍ഥശാസ്ത്രത്തില്‍ ഇതുപോലുള്ള നികുതിയെക്കുറിച്ചു പറയുന്നുണ്ടെന്ന് ദിവാകരന്‍. എങ്കിലും ദിവാകരന്റെ കണ്‍ഫ്യൂഷന്‍ തീര്‍ന്നിട്ടില്ല. ജി.എസ്.ടി ബില്ലിലേക്കു നോക്കുമ്പോള്‍ അവിടെ കൗടില്യനൊപ്പം പ്രണബ് മുഖര്‍ജിയുടെ മുഖം കൂടി തെളിഞ്ഞുവരുന്നതാണ് കാരണം.
എന്നാല്‍, സാക്ഷാല്‍ മനു തന്നെ അതിന്റെ പിതാവെന്നാണ് രാജു എബ്രഹാമിന്റെ ഗവേഷണത്തില്‍ കിട്ടിയ ഫലം. മനുസ്മൃതിയുടെ അടിസ്ഥാനത്തിലാണ് ഈ നികുതി സമ്പ്രദായം രൂപപ്പെടുത്തിയതെന്ന് രാജു. രാജ്യത്തെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കുകയാണ് മനുസ്മൃതി ലക്ഷ്യംവച്ചത്.
ജി.എസ്.ടിയുടെ താല്‍പര്യവും അതു തന്നെയാണ്. സാമ്പത്തിക മേഖലയില്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യമാണ് ഇതോടെ ഇല്ലാതാകുന്നതെന്നും രാജു.
എന്തൊക്കെയായാലും ജി.എസ്.ടിയുടെ പിതൃത്വം കോണ്‍ഗ്രസിനു വേണ്ടി ഏറ്റെടുക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒട്ടും മടിയില്ല. അത് യു.പി.എ സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് ചെന്നിത്തല. എന്നാല്‍ മന്‍മോഹന്‍സിങും കൂട്ടരും അതിനെ സൃഷ്ടിച്ചത് ഇങ്ങനെയല്ല. രാജ്യത്തെ നികുതിഘടനയില്‍ ഗുണപരമായ മാറ്റം വരുത്താനാണ് കോണ്‍ഗ്രസ് അതു ചെയ്തത്.
പരമാവധി 18 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ഉദ്ദേശിച്ചത്. എന്നാല്‍, മോദി അത് 28 ശതമാനമാക്കി. അതുകൊണ്ടാണ് അതില്‍ തകരാറുകളുണ്ടായതെന്നും ചെന്നിത്തല.
പിതൃത്വം പോയിട്ട് ബന്ധുത്വം പോലും അവകാശപ്പെടാനാവില്ലെങ്കിലും ജി.എസ്.ടിയുടെ ജന ന ശുശ്രൂഷയ്ക്കു കാര്‍മികത്വം വഹിച്ചതിന്റെ പാപക്കറ കെ.എം മാണിയുടെ കൈകളിലുണ്ട്. ബില്ലിനു നിരാകരണപ്രമേയം കൊണ്ടുവന്ന മാണി ജി.എസ്.ടിയെ കാര്യമായൊന്നു വിമര്‍ശിച്ചപ്പോള്‍ രാജു എബ്രഹാമാണത് ചൂണ്ടിക്കാട്ടിയത്.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജി.എസ്.ടി പ്രഖ്യാപനച്ചടങ്ങ് പ്രതിപക്ഷ കക്ഷികളെല്ലാം ബഹിഷ്‌കരിച്ചപ്പോള്‍ പിന്നെ മാണി മാത്രം എന്തിന് അവിടെ പോയെന്ന് രാജുവിന്റെ ചോദ്യം. ആരെന്തു പറഞ്ഞാലും കേരള കോണ്‍ഗ്രസിനെപ്പോലെ കേരളത്തിന്റെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്ന മറ്റൊരു പാര്‍ട്ടിയില്ലെന്ന് മാണി.
ഈയൊരു കാര്യത്തില്‍ ചെറിയ വ്യത്യാസത്തോടെയാണെങ്കിലും പി.സി ജോര്‍ജ് മാണിയോട് യോജിച്ചു. സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് പ്രാദേശിക കക്ഷികളാണെന്നും ദേശീയ കക്ഷികള്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ചെറുതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാവായ ജോര്‍ജ്.
വര്‍ഗീയ ഭ്രാന്തനായ മോദി കൊണ്ടുവന്ന ജി.എസ്.ടിയില്‍ ഐസക് എന്തിനിത്ര താല്‍പര്യം കാണിക്കുന്നതെന്ന് ജോര്‍ജ്. ഈ സംശയം എ.പി അനില്‍കുമാര്‍ ഉള്‍പെടെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമുണ്ട്. ജി.എസ്.ടി സംബന്ധിച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ പ്രമേയം തോമസ് വായിക്കാത്തതാണ് കാരണമെന്ന് ജോര്‍ജും അനില്‍കുമാറും.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞ ഒരു നിയമം പാര്‍ട്ടി പ്രമേയംനോക്കി ഒരു സംസ്ഥാന ധനമന്ത്രിക്കു നടപ്പാക്കാതിരിക്കാനാവുമോ എന്ന് ഐസക്കിന്റെ മറുചോദ്യം. സംസ്ഥാനത്തിന്റെ നികുതിവിഹിതം കൂട്ടിക്കിട്ടാന്‍ പരമാവധി ശ്രമിച്ചുനോക്കിയെങ്കിലും അതു നടന്നില്ലെന്നും ഐസക്. കേന്ദ്ര ബില്ലില്‍ നിന്ന് ഇതു കശ്മിരിനു ബാധകമല്ല എന്ന വ്യവസ്ഥ മാത്രം മാറ്റി അതേപടിയാണ് ഐസക് ഈ ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് എം. ഉമ്മര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."