ജീവിതം കൊണ്ട് തീര്‍ത്ത മാതൃക
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
ചെയര്‍മാന്‍ സുപ്രഭാതം#
ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്കു മാതൃക തീര്‍ത്ത മഹാമനീഷിയായിരുന്നു അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. സര്‍വ സൗകര്യങ്ങളുമുണ്ടായിട്ടും പ്രപഞ്ചപരിത്യാഗിയായി ജീവിച്ച് അദ്ദേഹം നമുക്കിടയില്‍ നിന്ന് മറഞ്ഞു. സുന്നത്തിനെ ജീവിപ്പിക്കാനാണ് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ശ്രമിച്ചത്. സുന്നിയെന്ന് പറയാനും സുന്നിയാണെന്ന് വാദിക്കാനും എല്ലാവര്‍ക്കുമാകും. സുന്നീ ആദര്‍ശങ്ങള്‍ സംസാരിക്കാനും സമര്‍ഥിക്കാനും ചിലര്‍ക്കുമാകും. പക്ഷേ, സുന്നത്തിനെ ജീവിതത്തിലേക്ക് കൊണ്ടുവരാനും അതു മാതൃകയാക്കി സുന്നത്തിലേക്ക് ആളുകളെ ക്ഷണിക്കാനും ചുരുക്കമാളുകള്‍ക്കേ സാധിക്കുകയുള്ളൂ.
അല്‍ഐനിലെ പ്രവാസ ജീവിതമോ മറ്റു സൗകര്യങ്ങളോ അദ്ദേഹത്തിനു സുന്നത്തിന്റെ പ്രചാര കനാവാന്‍ തടസമായില്ല. സംസാരം അല്‍പം ഉയര്‍ന്നാല്‍പോലും മറ്റുള്ളവരെ ഗുണദോഷിക്കാന്‍ അദ്ദേഹം മടി കാണിക്കാറില്ലായിരുന്നു. ആര്‍ക്കു മുന്‍പിലും സത്യം പറയാനും അതിനായി നിലകൊള്ളാനും അദ്ദേഹത്തിനു സാധിച്ചു. നാടുനീങ്ങുന്ന ആത്മീയ വിജ്ഞാനങ്ങളുടെ പുനഃസ്ഥാപനത്തിന് ആ മഹാത്മാവ് മുന്‍കൈയെടുത്തു. അതിനായി പ്രത്യേകം കേന്ദ്രം തന്നെ സ്ഥാപിച്ചു.
വൈജ്ഞാനിക മേഖലയെ അതിരറ്റു സ്‌നേഹിച്ച മഹാത്മാവായിരുന്നു മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. സമസ്തയ്‌ക്കൊരു പത്രം എന്ന ചിന്തയുമായി ദീര്‍ഘകാലം നടന്ന വ്യക്തിയാണ് അദ്ദേഹം. സുപ്രഭാതത്തിന്റെ പിറവിക്കായി പരിശ്രമിക്കുകയും അതിന്റെ പ്രചാരകനായി നിലകൊള്ളുകയും ചെയ്തു. സുപ്രഭാതത്തിന്റെ ആരംഭ ചര്‍ച്ചകളില്‍ സജീവമായിരുന്നു അദ്ദേഹം. പത്രം പുറത്തിറങ്ങിയ ശേഷം അതിന്റെ പ്രചാരകരാകാന്‍ ആഹ്വാനം അദ്ദേഹം ചെയ്തു.
സമസ്തയെയും അതിന്റെ നേതാക്കളെയും അദ്ദേഹം അതിരറ്റു സ്‌നേഹിച്ചു. എക്കാലത്തും സമസ്തയോടൊപ്പമായിരുന്നു അദ്ദേഹം നിലകൊണ്ടത്. സമസ്തയുടെ മഹത്തുക്കള്‍ കാണിച്ച പാതയിലാണ് ഹഖുള്ളതെന്ന് അദ്ദേഹം സമുദായത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തു. ശംസുല്‍ ഉലമയും കണ്ണിയത്തുസ്താദും ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ എപ്പോഴത്തേയും സംസാര വിഷയമായിരുന്നു. ഏതു മജ്‌ലിസിലും സമസ്തയെ മുറുകെപ്പിടിച്ച് കര്‍മനിരതരാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രവൃത്തിപഥത്തിലാണ് വിശുദ്ധി വേണ്ടതെന്ന് ജീവിച്ച് തെളിയിച്ചു തന്ന ആ മഹാത്മാവിനോടൊപ്പം അല്ലാഹു നമ്മെ സ്വര്‍ഗലോകത്ത് ഒരുമിച്ചു കൂട്ടട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."