നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി 22 വരെ നീട്ടി
ആലുവ: നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടി. മൂന്നാമത്തെ തവണയാണ് റിമാന്‍ഡ് കാലാവധി നീട്ടുന്നത്. കഴിഞ്ഞ തവണത്തേതുപോലെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
രാവിലെ 10.15ഓടെ ആലുവ സബ്ജയിലിലും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും നടപടിക്രമങ്ങള്‍ ആരംഭിച്ചു. സബ്ജയിലിലെ കോണ്‍ഫറന്‍സ് ഹാളില്‍ ദിലീപിനെ നേരത്തേ എത്തിച്ചിരുന്നു. ആലുവ ഡിവൈ.എസ്.പി പ്രഫുലചന്ദ്രന്, ജയില്‍ സൂപ്രണ്ട് ബാബുരാജ് എന്നിവര്‍ സബ് ജയിലിലെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
വിഡിയോ ചാറ്റിങ് നടത്താന്‍ കഴിയുന്ന സോഫ്റ്റ്വെയറായ സ്കൈപ്പ് ഉപയോഗിച്ച് ലാപ്ടോപ്പിലൂടെയാണ് കോടതിനടപടികള്‍ നടത്തിയത്. പൊലിസിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ആലുവ സബ്ജയിലിലും അങ്കമാലി കോടതിയിലും ഇതിനുള്ള സൗകര്യമൊരുക്കിയത്.
എന്തെങ്കിലും പരാതിയുണ്ടോയെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. പത്തരയോടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി. സുരക്ഷാ കാരണങ്ങളാലാണ് കോടതി നടപടികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."