കാര്‍ഷിക കടം എഴുതിത്തള്ളുന്നത് കര്‍ഷകപ്രശ്‌നത്തിനു പരിഹാരമാകില്ല
ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും പരിഹാരമാകില്ലെന്ന് നീതി ആയോഗ്. നടപടി ചില കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെങ്കിലും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കടം എഴുതിത്തള്ളല്‍കൊണ്ട് കഴിയില്ലെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാജിവ് കുമാറിന്റെ പ്രതികരണം.കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ നടപടി പരിഹാരമെന്നു പറയാനാകില്ല. മറിച്ച് ആശ്വാസകരമായ നടപടി മാത്രമാണെന്നും രാജിവ് കുമാര്‍ പറഞ്ഞു.
നീതി ആയോഗ് വൈസ് ചെയര്‍മാന്റെ വാദത്തെ പൂര്‍ണമായി പിന്തുണച്ചുകൊണ്ട് നീതി ആയോഗ് അംഗവും കാര്‍ഷിക നയരൂപീകരണ വിദഗ്ധനുമായ രമേശ് ചന്ദും രംഗത്തെത്തി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുന്നത് വ്യക്തികള്‍ക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 10 മുതല്‍ 15 ശതമാനം വരെയുള്ള കര്‍ഷകര്‍ക്കു മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലൂടെ പ്രയോജനം ലഭിക്കുന്നുള്ളൂ. പല സംസ്ഥാനങ്ങളിലെയും 25 ശതമാനത്തില്‍ താഴെയുള്ള കര്‍ഷകര്‍ക്കു മാത്രമേ വായ്പ ലഭിക്കുന്നുള്ളൂ എന്നും രമേശ് ചന്ദ് വ്യക്തമാക്കി.
കാര്‍ഷിക ലോണ്‍ എഴുതിത്തള്ളുന്നത് കര്‍ഷകര്‍ക്ക് ഗുണകരമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കൃഷിമന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."