യോഗി രാജിവയ്ക്കണമെന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍
ലഖ്‌നൗ: രണ്ടാഴ്ച മുന്‍പ് ബുലന്ദ്‌ഷെഹറില്‍ ഹിന്ദുത്വ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ജനവികാരം ശക്തിപ്പെടുത്തുന്നു. പശുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ ബജ്‌റങ്ദള്‍ അക്രമികള്‍ നടത്തിയ ആസൂത്രിതമായ കലാപത്തിനിടയിലാണ് പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്.
രാജ്യത്തെ വിരമിച്ച 80 ഉന്നത ഉദ്യോഗസ്ഥര്‍ യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ തുറന്ന കത്താണ് യോഗിക്ക് അയച്ചത്. മുന്‍വിദേശകാര്യ സെക്രട്ടറിമാരായ ശ്യാം ശരണ്‍, സുജാത സിങ്, മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കമുള്ള വിരമിച്ച ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരാണ് യോഗിയുടെ രാജി ആവശ്യപ്പെട്ട് കത്തയച്ചത്. യോഗി അധികാരത്തില്‍ വന്നശേഷം വെറുപ്പിന്റെ രാഷ്ട്രീയം ഉത്തര്‍പ്രദേശില്‍ ശക്തിപ്പെടുകയാണ്. ഭരണപരമായ തത്വങ്ങള്‍, ഭരണഘടനാപരമായ നൈതികത, ജനങ്ങളുടെ സാമൂഹികമായ സ്വഭാവം എന്നിവ ദുഷിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. മതഭ്രാന്തിന്റെ ആശയ പ്രചാരകനെന്ന നിലയിലാണ് പുരോഹിതനായ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. അതിനിടയില്‍ കലാപത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. ബുലന്ദ് ഷെഹര്‍ കലാപത്തില്‍ അക്രമികളായ ബജ്‌റങ്ദളിനെ ന്യായീകരിച്ചിരുന്ന മുഖ്യമന്ത്രി, പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റേത് അപകടമരണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കലാപത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. ഉത്തര്‍പ്രദേശ് നിയമസഭയിലാണ് മുഖ്യമന്ത്രി നിലപാടു മാറ്റിയത്. ഇക്കാര്യം നിയമസഭാ സമ്മേളന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിച്ചു.
ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഉണ്ടായ അപകട മരണം എന്നായിരുന്നു സുബോധ് കുമാര്‍ സിങിന്റെ കൊലപാതകത്തെക്കുറിച്ച് നേരത്തെ യോഗി പറഞ്ഞിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."