എല്‍.ഇ.ഡി നക്ഷത്രങ്ങളുടെ പ്രകാശത്തില്‍ ക്രിസ്മസ് നാളുകള്‍
കാട്ടാക്കട : മുളയും മരച്ചില്ലകളും മാറിയപ്പോള്‍ പേപ്പറിലേക്കായി. അത് പിന്നെ എല്‍.ഇ.ഡി യിലേയ്ക്ക് വഴിമാറി. അങ്ങിനെ ക്രിസ്മസ് വിപണിയെ സജീവമാക്കുന്ന നക്ഷത്രങ്ങള്‍ പ്രകാശിച്ചു തുടങ്ങി. വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങളുടെ കലവറയൊരുക്കിയാണ് ജില്ലയിലെ ക്രിസ്മസ് വിപണി സജീവമാക്കിയിരിക്കുന്നത്.
എല്‍ ഇ.ഡി മുതല്‍ വിവിധ കളറുകളിലുള്ള വ്യത്യസ്ത മോഡലുകളിലുള്ള നക്ഷത്രവിളക്കുകള്‍വരെ വിപണിയില്‍ എത്തിയിട്ടുണ്ട്. പത്തുവാലുള്ള എല്‍.ഇ.ഡി.നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. 40 രൂപ മുതല്‍ 300 രൂപ വരെ വില വരുന്ന പേപ്പര്‍ നക്ഷത്രങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതിന് ആവശ്യക്കാര്‍ കുറവാണ്.
ജി.എസ്.ടി. കാരണം നക്ഷത്രവിപണിയില്‍ വിലയും വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. പെട്ടെന്ന് ഉപയോഗശൂന്യമാകുന്നതിനാലാണ് പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതെന്നാണ് വ്യാപാരികള്‍ നല്‍കുന്ന വിവരം.
അതുകൊണ്ട് പേപ്പര്‍ നക്ഷത്രങ്ങളില്‍ ഇത്തവണ പുതുമയൊന്നും കൈവന്നിട്ടില്ല. ഭൂരിഭാഗം വീടുകളിലും ഇതിനോടകം തന്നെ എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. 100 മുതല്‍ 1000 രൂപ വരെ വില മതിക്കുന്ന മുന്തിയ നക്ഷത്രങ്ങളും വിപണിയിലുണ്ട്. മുന്‍ വര്‍ഷം എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ വിപണിയില്‍ തിളങ്ങിയതിനാല്‍ അതിന്റെ ചുവടുപിടിച്ച് ഇത്തവണ നക്ഷത്രവിളക്കുകളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
ഒടിയന്‍, പറവ, കായംകുളം കൊച്ചുണ്ണി എന്നീ പേരുകളിലുളള നക്ഷത്രവിളക്കുകളാണ് വിപണിയിലെ പുതുമ. തിളങ്ങുന്ന വര്‍ണ കടലാസിലാണ് നക്ഷത്രവിളക്കുകള്‍ നിര്‍മിക്കുന്നത്. ബള്‍ബ് തെളിയുമ്പോള്‍ മിന്നിത്തിളങ്ങുന്നതാണ് ഈ വിളക്കുകളുടെ പ്രത്യേകത. 350 മുതല്‍ 700 വരെയാണ് ഇത്തരം നക്ഷത്രവിളക്കുകളുടെ വില.ചൈനയില്‍ നിന്നാണ് അധികവും എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."