കോര്പറേഷന് പെന്ഷന് അദാലത്തില്‍ വ്യാപക പരാതി
കോഴിക്കോട്: കോര്പറേഷന് പെന്ഷന് അദാലത്തില്‍ വ്യാപക പ്രതിഷേധം. അദാലത്തില്‍ ലഭിച്ച 1500ല്‍പരം അപേക്ഷകളില്‍ 500 എണ്ണത്തോളം അപേക്ഷകള്‍ റദ്ദ് ചെയ്തു. 1500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഭവനുമുള്ളവര്, 1000 സി.സിയില്‍ കൂടുതല്‍ എന്ജിന് കപ്പാസിറ്റിയുള്ള വാഹനം സ്വന്തമായുള്ളര്, നിലവില്‍ ക്ഷേമനിധി ബോര്‍ഡ് ഇ.പി.എഫ് പെന്ഷന് ഗുണഭോക്താക്കള്‍, പൊതുമേഖലാ സ്ഥാപനത്തില്‍നിന്ന് വിരമിക്കുകയും സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്ഷന് വാങ്ങുകയും ചെയ്യുന്നു തുടങ്ങിയ കാരണത്താലാണ് അപേക്ഷകള്‍ നിരസിച്ചത്. പഴയ വീടിനു പകരം മക്കള്‍ നിര്‍മിച്ച പുതിയ വീട്ടിലാണ് പലരും താമസിക്കുന്നത്. വിസ്തീര്‍ണ്ണം കൂടിയ ഈ വീടുകളുടെ ഉടമസ്ഥാവകാശം തങ്ങളുടെ പേരിലാണെന്ന കാരണത്താലാണ് പലര്‍ക്കും പെന്ഷന് നിഷേധിക്കപ്പെട്ടത്. വാഹനങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. പലരും കമ്മിഷനു മുന്‍പാകെ സത്യം ബോധിപ്പിച്ചെങ്കിലും നിലവിലെ വ്യവസ്ഥ ഇത്തരത്തിലായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. വിധവാ പെന്ഷന്, വാര്‍ധക്യ പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന്, അവിവാഹിത പെന്ഷന് എന്നീ വിഭാഗത്തില്‍ 1500 ഓളം അപേക്ഷകളാണ് കമ്മിഷനു മുന്നില്‍ എത്തിയത്. ടാഗോര്‍ ഹാളില്‍ നടന്ന അദാലത്ത് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷയായി. കോര്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജന്, വികസനകാര്യ സമിതി ചെയര്മാന് പി.സി രാജന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."