ഇവിടെ ഇനി ഭിന്നശേഷിക്കാര്‍ ഭരിക്കും
കോഴിക്കോട്: അവര്‍ക്കിനി സ്വയം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് ഭക്ഷണമുണ്ണാം. അന്തസോടെ ജോലിചെയ്യാം... മറ്റുള്ളവരുടെ കനിവു കൊണ്ട് ജീവിച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്ക് 'എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ്'സംവിധാനത്തിലൂടെ കൈത്താങ്ങൊരുക്കിയിരിക്കുകയാണു കോര്‍പറേഷന്‍. പണം പിരിക്കുന്നതടക്കം പൂര്‍ണമായും ഭിന്നശേഷിക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനമാണ് എ.കെ.ജി മേല്‍പ്പാലത്തിനു താഴെ നിലവില്‍ വന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. നിലവില്‍ മണ്ണിട്ട് ഉയര്‍ത്തിയ പാര്‍ക്കിങ് സ്ഥലം എത്രയും പെട്ടന്ന് ടാര്‍ ചെയ്ത് മനോഹരമാക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ചരിത്രത്തിലാദ്യമായാണ് ഒരു കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പാലത്തിനു പടിഞ്ഞാറു ഭാഗത്തായി മലബാര്‍ കുഷ്ഠരോഗ സഹായ കമ്മിറ്റിക്ക് അനുവദിച്ച കാബിനു മുന്‍വശത്തെ സ്ഥലമാണ് ഒരു വര്‍ഷത്തെ പേ പാര്‍ക്കിങ്ങിനായി കോര്‍പറേഷന്‍ വിട്ടുനല്‍കിയിട്ടുള്ളത്. കോര്‍പറേഷന്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ തന്നെയാണ് ഇവിടെയും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാര്‍, നാഷനല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റി, ലീഗല്‍ സര്‍വിസ് അതോറിറ്റി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ജോലി ചെയ്യാന്‍ പ്രാപ്തരായ നാലുപേരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കാവശ്യമായ ഉപകരണങ്ങളും ഒരുമാസത്തെ ശമ്പളവും ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് വിതരണം ചെയ്തു. ടൗണ്‍ എസ്.ഐ എ. ഉമേഷ് ബാഡ്ജുകള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, എം.പി കരുണാകരന്‍, ആര്‍. വിശ്വനാഥന്‍, പി. പരമേശ്വരന്‍, ഒ. മമ്മദ് കോയ, പി.കെ.എം സിറാജ് സംസാരിച്ചു. പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കേയില്‍ രാജന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."