വിരവിമുക്ത ദിനം: വിദ്യാലയങ്ങളില്‍ ഇന്ന് ഗുളിക വിതരണം
എടച്ചേരി: വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഇന്ന് വിരശല്യത്തിനെതിരേയുള്ള ഗുളികകള്‍ വിതരണം ചെയ്യും. ഒന്നു മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ആല്‍ബന്റെസോള്‍ എന്ന ഗുളിക വിതരണം ചെയ്യുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും സ്‌കൂളുകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.
വിര ബോധവല്‍ക്കരണത്തിനും ഗുളികകള്‍ വിതരണം ചെയ്യാനും ആരോഗ്യ വകുപ്പിനാണ് ചുമതല. ഇതനുസരിച്ച് ഓരോ സ്‌കൂളിലെയും ഒരു അധ്യാപകനെ ഉള്‍പ്പെടുത്തി ഓരോ പ്രദേശങ്ങളിലെയും ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഇന്നലെ വകുപ്പ് അധികൃതര്‍ ക്ലാസെടുത്തു. കുട്ടികളില്‍ കാണപ്പെടുന്ന അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വിരകളെ നശിപ്പിച്ച് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. സ്‌കൂളിലും അങ്കണവാടിയിലും ചേര്‍ത്തിയിട്ടില്ലാത്ത ഒരു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വരുന്ന പതിനേഴിനും ഗുളിക വിതരണം ചെയ്യും.
തങ്ങളുടെ മക്കള്‍ വിദ്യാലയങ്ങളില്‍നിന്ന് ഈ ഗുളിക കഴിക്കുന്നതില്‍ ചില രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഭയന്നാണ് പലരും ഇതു കഴിക്കാന്‍ മടിക്കുന്നത്. ഗുളിക കഴിക്കുന്നത് കൊണ്ട് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകാനിടയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ഇതേഗുളിക വിതരണം ചെയ്യുമ്പോള്‍ വേണ്ടെന്ന് എഴുതി തരുന്നവര്‍ക്ക് കൊടുക്കേണ്ട എന്ന നിര്‍ദേശമുണ്ടായിരുന്നു. ഇത്തവണയും ഗുളിക കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."