മീഞ്ചന്തയില്‍ കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ പദ്ധതിക്ക് തുടക്കം
ഫറോക്ക്: മീഞ്ചന്ത അഗ്നിശമന രക്ഷാനിലയത്തിന്റെ പരിധിയിലെ കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ പദ്ധതി ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. അഗ്നിശമന രക്ഷാസേന നേതൃത്വം നല്‍കുന്ന വലിയ സാമൂഹിക സേവനത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് പദ്ധതിയെന്ന് കലക്ടര്‍ പറഞ്ഞു.
സമൂഹത്തിനു വേണ്ടി മുഴുവന്‍ സമയവും അര്‍പ്പിച്ചുകൊണ്ടിരിക്കുന്നവരാണ് അഗ്നിശമന രക്ഷാസേന. രക്ഷാപ്രവര്‍ത്തന രംഗത്തു വലിയൊരു ശൃംഖല പദ്ധതിയിലൂടെ ജില്ലയില്‍ ഉണ്ടാക്കാന്‍ കഴിയും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ വളണ്ടിയര്‍മാര്‍ക്ക് കഴിയും. അതിലെ പ്രധാന കണ്ണികളായും വളണ്ടിയര്‍മാരുടെ പരിശീലകരായും എയ്ഞ്ചല്‍സിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് അഗ്നിശമന രക്ഷാ സര്‍വിസസ് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോണ്‍സ് അധ്യക്ഷനായി. അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, എയ്ഞ്ചല്‍സ് സ്ഥാപക ഡയറക്ടര്‍ ഡോ. വി.പി വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി രാജന്‍, ഫിനാന്‍സ് ഡയറക്ടര്‍ പി. മുഹമ്മദ് കോയ, കേരള ഫയര്‍ ഫോഴ്‌സ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ബാബുരാജ്, കേരള ഫയര്‍ സര്‍വിസ് അസോസിയേഷന്‍ പ്രസിഡന്റ് എ. ഷജില്‍ കുമാര്‍, സ്റ്റേഷന്‍ ഓഫിസര്‍ പി. അജിത്കുമാര്‍ സംസാരിച്ചു. ആതുരസേവനം, ആംബുലന്‍സ് സേവനം എന്നിവയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എയ്ഞ്ചല്‍സുമായി സഹകരിച്ചാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീം ആരംഭിച്ചിരിക്കുന്നത്. 60 വളണ്ടിയര്‍മാര്‍ പരിശീലനം നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."