ബേപ്പൂരില്‍ ബോട്ടിനു തീപിടിച്ചു, പത്തു ലക്ഷം രൂപയുടെ നഷ്ടം
ഫറോക്ക് : മത്സ്യബന്ധന ഹാര്‍ബറില്‍ നിര്‍ത്തിയിട്ട ബോട്ടിനു തീ പിടിച്ചു. ബേപ്പൂര്‍ അടിയാക്കന്റകത്ത് മുജീബിന്റെ ഉടമസ്ഥതയിലുളള ബഹറൈന്‍ മത്സ്യബന്ധന ബോട്ടാണ് അഗ്നിക്കിരയായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷണം പാചകം ചെയ്യുമ്പോഴാണ് തീ പിടുത്തമുണ്ടായത്. സ്റ്റൗവില്‍ നിന്നും വെളിച്ചെണ്ണയിലേക്ക് തീപടര്‍ന്നതാണ് അപകടത്തിനു കാരണമെന്നു കരതുന്നു. ഇന്നലെ രാവിലെ 10.30നാണ് സംഭവം.
മത്സ്യബന്ധനം കഴിഞ്ഞു ബുധനാഴ്ച രാത്രിയാണ് ബോട്ട് ഹാര്‍ബറിലെത്തിയത്. ഇന്നു പുലര്‍ച്ചെ വീണ്ടും കടലില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്. വീല്‍ഹൗസ് പൂര്‍ണമായും കത്തിച്ചാമ്പലായി. ബോട്ടിലെ വല, ജി.പി.എസ്,എക്കോ സൗണ്ടര്‍, വയര്‍ലെസ്, ബാറ്ററി, കേബിളുകള്‍, വയറിങ്, തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെല്ലാം അഗ്നിക്കിരയായി.
സംഭവം നടക്കുമ്പോള്‍ ഏഴു മത്സ്യതൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. വീല്‍ഹൗസിനകത്ത് തീ കത്തിപ്പടര്‍ന്നതോടെ തൊഴിലാളികള്‍ സമീപത്തെ ബോട്ടിലേക്ക് ചാടി രക്ഷപ്പെട്ടു. തീയും പുകയും ഉയര്‍ന്നത് ഹാര്‍ബറില്‍ ഭീതി സൃഷ്ടിച്ചു.
തീ വ്യാപിക്കുന്നത് കണ്ട മത്സ്യതൊഴിലാളികളും മീഞ്ചന്തയില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ബഷീര്‍ നേതൃത്വത്തില്‍ അഗ്നിശമന സേനയും എളുപ്പത്തില്‍ തീ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബേപ്പൂര്‍ എസ്. ഐ റെനീഷ്.കെ.ഹാരിസ്, കോസ്റ്റല്‍ എസ്.ഐ കെ.സി അരവിന്ദാക്ഷന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയരുന്നു. പത്ത് ലക്ഷം രൂപയുടെ നഷടമാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."