പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനം: കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കു സാധ്യത
കൊട്ടാരക്കര: ടൗണിനു സാമന്തരമായുള്ള പഴയ കൊല്ലം ചെങ്കോട്ട റോഡു വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കു നീങ്ങുമെന്ന് സൂചന. പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചതായാണ് വിവരം. റോഡു ഭുമി കയ്യേറി കെട്ടിടം നിര്‍മിച്ചെന്ന് ആരോപിക്കുന്ന ഷിബു ഏജന്‍സിസ് ഉടമ ഷിബുവിനും റോഡ് വികസന സമിതി അംഗവും വിരമിച്ച എസ് ഐയുമായ കുഞ്ഞുമോനുമാണ് കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റത്.
ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടേയും പരാതികളില്‍ കൊട്ടാരക്കര പൊലിസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര റയില്‍വേ സ്റ്റേഷന്‍ മുക്കില്‍ നിന്നും കോട്ടപ്പുറത്ത് എത്തിച്ചേരുന്നതാണ് പഴയ കൊല്ലം ചെങ്കോട്ട റോഡ്. പുലമണ്‍ തോടിനു കുറുകെ പാലം വരുകയും ദേശീയ പാത അതു വഴിയാവുകയും ചെയ്തതോടെ പഴയ കൊല്ലം ചെങ്കോട്ട റോഡ് അപ്രസക്തമായി.ഈ റോഡ് ഭാഗങ്ങള്‍ പലയിടത്തും സമീപവാസികള്‍ കൈയേറി. ആ കൈയേറ്റങ്ങളുടെ ഭാഗമായാണ് എം.സി റോഡില്‍ നിന്നുംകോട്ടപ്പറം ഭാഗത്തേക്കു തിരിയുന്നിടത്ത് റോഡു ഭുമി കയ്യേറി കെട്ടിടം നിര്‍മ്മിച്ചതെന്നാണ് സമര സമിതി ആരോപിക്കുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെ പഴയ കൊല്ലം ചെങ്കോട്ട റോഡ് സമാന്തര പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നത്.
റെയില്‍വേ സ്റ്റേഷന്‍ മുതല്‍ എം.സി റോഡ് വരെയുള്ള ഭാഗം വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. എന്നാല്‍ ഇവിടം മുതല്‍ കോട്ടപ്പുറം വരെയുള്ള ഭാഗം വികസിപ്പിക്കുന്നതിന് ആരോപണ വിധേയമായ കെട്ടിടം തടസ്സമായി. ഇത് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ജനകീയ സമര സമിതി ഏഴ് വര്‍ഷമായി പ്രക്ഷോഭത്തിലാണ്. കടയുടെ ഒരു ഭാഗം അവര്‍ പൊളിച്ചു മാറ്റുകയും ചെയ്തു.
റവന്യു സര്‍വേ വിഭാഗങ്ങള്‍ ഭൂമി കയ്യേറിയെന്നു കണ്ടെത്തിയെങ്കിലും നിയമ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെട്ടിടം പൊളിക്കുന്നതു തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനു മുന്നില്‍ പന്തല്‍ കെട്ടി സമരം നടത്തി വരികയാണ് സമരസമിതി. ഇതിനിടയില്‍ എട്ട് സെന്റ് റവന്യു ഭൂമി കൂടി ആരോപണ വിധേയനായ വ്യക്തി കൈയേറിയതായി സമരസമിതി നേതാവായ കുഞ്ഞുമോന്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇത് തെളിയിക്കപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സമര പന്തലിലെത്തിയ കുഞ്ഞുമോനും കട തുറക്കാനെത്തിയ ഉടമ ഷിബുവും തമ്മില്‍ സംഘട്ടനമുണ്ടായത്. സമര സമിതി അംഗത്തിന് മര്‍ദനമേറ്റതില്‍ സമര സമിതിയംഗങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഇതാവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ പറയുന്നുണ്ട്. കടയുടമയുമായി ബന്ധപ്പെട്ടവരും ജാഗ്രതയിലാണ്. ഇതൊരു സംഘര്‍ഷത്തിലേക്കു നീങ്ങാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. കടക്കു മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്തതിന് എം എല്‍ എ യും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരുമുള്‍പ്പെടെ ഉള്ളവര്‍ ഇപ്പോള്‍ കേസുകളില്‍ പ്രതികളുമാണ്. കൊട്ടാരക്കരയുടെ സമഗ്ര വികസനത്തിന് സാധ്യത നല്‍കുന്നതാണ് ഈ റോഡ് വികസന പദ്ധതി. ഇതു തടസ്സപ്പെടുന്നതില്‍ ജനങ്ങളും പ്രതിഷേധത്തിലാണ്
ഇന്നലെ വൈകിട്ട് സമരസമിതി പ്രവര്‍ത്തകര്‍ പുലമണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പ്രതിഷേധ യോഗം കൂടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."