സുനി വിളിച്ച കാര്യം അന്നുതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നു; പൊലിസിനെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യാപേക്ഷ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലിസിനെ വെട്ടിലാക്കി ദിലീപ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ വിളിച്ച ദിവസം തന്നെ ഈ കാര്യം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. കൂടാതെ സുനിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ബെഹ്‌റയുടെ സ്വകാര്യനമ്പറിലേക്ക് താന്‍ വാട്‌സ്ആപ്പ് വഴി അയയ്ക്കുകയും ചെയ്തതായി ദിലീപ് കോടതിയെ അറിയിച്ചു. നടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
ദിലീപിനെ സുനി വിളിച്ച കാര്യം പെട്ടെന്ന് തന്നെ അറിയിച്ചില്ലെന്നും 20 ദിവസത്തിന് ശേഷമാണ് നടന്‍ പരാതി നല്‍കാന്‍ തയ്യാറായതെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് തെറ്റാണെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്. കേസിനെ സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി തന്നെ ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെന്ന വാദമാണ് പൊലിസിനെ വെട്ടിലാക്കിയിരിക്കുന്നത്.
അതേപോലെ, സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയ കാര്യവും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍, ഇതില്‍ അര്‍ഥമില്ലെന്നാണ് ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത്. റിഹേഴ്‌സല്‍ ക്യാംപ് നടക്കുമ്പോള്‍ അബദ് പ്ലാസയില്‍ ദിലീപ് താമസിച്ചിരുന്നു. അന്ന് മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി അവിടെ വന്നിരിക്കാം. എന്നാല്‍, സുനിയുമായി സംസാരിക്കുകയോ നേരിട്ടുകാണുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
തന്നെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നു. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍. ജയിലില്‍ ആയതിനാല്‍ രാമലീല ഉള്‍പ്പെടെയുളള ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. അന്‍പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും അഡ്വ. ബി രാമന്‍പിളള മുഖേന നല്‍കിയ ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. നാളെയാണ് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."