കെ.പി.എല്‍: കോവളത്തെ കീഴടക്കി ഗോള്‍ഡന്‍ ത്രെഡ്സ്
തിരുവനന്തപുരം: കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കോവളം എഫ്.സിയെ കീഴടക്കിയാണ് ത്രെഡ്സ് എഫ്.സി തിരിച്ചുവരവ് ഗംഭീരമാക്കിയത്. പകരക്കാരനായി ഇറങ്ങിയ സന്തോഷ് ട്രോഫി താരം കെ.ജെ അരുണാണ് കളിയുടെ 73 ാം മിനുട്ടില്‍ ഗോള്‍ഡന്‍ ത്രെഡ്സിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. 2012 ല്‍ സംസ്ഥാന ക്ലബ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയ ത്രെഡ്സ് ഒരിടവേളയ്ക്ക് ശേഷമാണ് ഫുട്ബോളില്‍ സജീവമാകുന്നത്. ത്രെഡ്സിന്റെ അടുത്ത മത്സരം 28 ന് കൊച്ചിയില്‍ എഫ്.സി കേരളയുമായിട്ടാണ്.
ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ എസ്.ബി.ഐയും എഫ്.സി കൊച്ചിനും സമനിലയില്‍ പിരിഞ്ഞു. എഫ്.സി കൊച്ചിന് 21 ാം മിനുട്ടില്‍ കെ.എ മഷൂദിന്റെ ഗോളിലൂടെ മുന്നിലെത്തി. 43 ാം മിനുട്ടില്‍ പ്രസൂണിലൂടെ എസ്.ബി.ഐ സമനില പിടിച്ചു. 60 ാം മിനുട്ടില്‍ അജിത്തിലൂടെ എഫ്.സി കൊച്ചിന് ലീഡ് ഉയര്‍ത്തിയെങ്കിലും 65 ാം മിനുട്ടില്‍ ജോണ്‍സണിന്റെ ഗോളിലൂടെ എസ്.ബി.ഐ സമനില പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."