പൊന്നാനി കോള്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന്
ചങ്ങരംകുളം: പൊന്നാനി കോളില്‍ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക മാസങ്ങളായിട്ടും ലഭിച്ചില്ലെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പൊന്നാനി ബിയ്യം മുതല്‍ തൃശൂര്‍ ജില്ലയിലെ വെട്ടി കടവ് വരെയുള്ളതാണ് പൊന്നാനി കോള്‍ മേഖല . ഇതിലെ 55 കോള്‍ പടവുകളിലെ കര്‍ഷകര്‍ക്കും സംഭരിച്ച നെല്ലിന്റെ തുക ലഭിച്ചിട്ടില്ല. 22.50 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചിരിക്കുന്നത്. നേരത്തേ ഇതേ വിലക്ക് മറ്റു മില്ലുകള്‍ തങ്ങളില്‍ നിന്ന് നെല്ല് ശേഖരിച്ചിരുന്നപ്പോള്‍ താമസമില്ലാതെ പണം ലഭിക്കുമായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ അരി ക്ഷാമത്തിന്റെ അവസ്ഥയും കൃഷി മന്ത്രിയുടെ ഉറപ്പും ആയപ്പോള്‍ കര്‍ഷകരെല്ലാം നെല്ല് സപ്ലൈകോയ്ക്ക് നല്‍കുകയായിരുന്നു.ബാങ്ക് വായ്പയെടുത്തും, സ്വര്‍ണം പണയപ്പെടുത്തിയും പലിശക്കെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്തിട്ടുള്ളത്. സപ്ലൈകോ നല്‍കേണ്ട 22.50 രൂപയില്‍ 14.70 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാനവുമാണ് നല്‍കേണ്ടതെന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക കാരണങ്ങളല്ല മറിച്ച് പരിഹാരങ്ങളാണ് തങ്ങള്‍ക്ക് വേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു.
നെല്‍കൃഷി നടത്തിയ കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയില്‍പെടുത്താനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കര്‍ഷര്‍ തയാറാകും. പ്രതിഷേധ സൂചകമായി കര്‍ഷക ദിനമായചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും. തുടര്‍ന്ന് ഉത്രാട നാളില്‍ ഉപവാസമനുഷ്ഠിക്കുകയും സെപ്റ്റംബര്‍ 17 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പൊന്നാനി കേള്‍ സംരക്ഷണ സമിതി ഭാരവാഹികളായ എന്‍ ആലിക്കുട്ടി ഹാജി, എം.എ വേലായുധന്‍, സി.കെ പ്രഭാകരന്‍, കെ.എ ജയാനന്ദന്‍ ,എന്‍.സുബ്രഹ്മണ്യന്‍, വി.വി കരുണാകരന്‍, വി.പി ഉമ്മര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."