ജാതിയില്ലാ വിളംബര മ്യൂസിയം നിര്‍മാണം തടസപ്പെടുത്താന്‍ നീക്കം: ശിവഗിരി മഠം
വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി സ്മാരകമായി ശിവഗിരിയില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മാണം തടസപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെയുള്ള മ്യൂസിയം നിര്‍മാണം തടസപ്പെടുത്താന്‍ ചില സങ്കുചിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ്. ശിവഗിരി റോഡില്‍ മുതലിയാര്‍ സത്രം വളപ്പിലാണ് മ്യൂസിയം നിര്‍മിക്കുന്നത്.
വര്‍ക്കല ബൈപാസ് റോഡ് നിര്‍മാണത്തിന്റെ പേര് പറഞ്ഞ് ആക്ഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് തടസ്സമുണ്ടാക്കുന്നത്. മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ മ്യൂസിയത്തിന്റെ നിര്‍മാണമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന നഗരസഭയിലെ ചിലര്‍ തുരങ്കം വയ്ക്കുന്നത്. മ്യൂസിയം നിര്‍മാണം തടയാന്‍ ഹൈക്കോടതിയില്‍ വരെ പോയിട്ടും നടക്കാത്തതിനാല്‍ വിവിധ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്.
ശിവഗിരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ല. ബൈപാസ് കടന്ന് പോകുന്ന സ്ഥലത്തല്ല മ്യൂസിയം നിര്‍മിക്കുന്നതെന്നും സ്വാമി സാന്ദ്രാനന്ദ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, വണ്ടന്നൂര്‍ സന്തോഷ്, ഡോ. എം. ജയരാജ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."