വനിതാ മതില്: ചവറ പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ് ഉപരോധിച്ചു
ചവറ: വനിതാ മതില് സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് ചവറ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ലളിതയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ചവറ ബ്ലോക്കിലെ ബി.ഡി.ഒയെ യു.ഡി.എഫ് അംഗങ്ങള്‍ ഓഫിസ് മുറിയില്‍ പൂട്ടിയിട്ടു. വനിതാ മതിലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ചവറ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം വാങ്ങാതെ ഏക പക്ഷീയമായി കോണ്‍ഫറന്‍സ് ഹാള്‍ വിട്ടുകൊടുത്തു എന്നാരോപിച്ചായിരുന്നു സെക്രട്ടറിയെ ഉപരോധിച്ചത്. കൊറ്റന്‍കുളങ്ങരയില്‍ നിന്നും പ്രകടനമായെത്തിയ യു.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ചവറ പൊലിസെത്തിയാണ് ഉപരോധക്കാരെ നീക്കി സെക്രട്ടറിയെ മോചിപ്പിച്ചത്.
ചവറരവി, ജി.സേതുനാഥന്‍പിള്ള, മനോഹരന്, അജയന് ഗാന്ധിത്തറ, ബോസ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ആവശ്വപ്പെട്ട് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി എന്നാരോപിച്ചായിരുന്നു ചവറ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ഡി.ഒയെ പൂട്ടിയിട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ഡി.ഒ പ്രസന്നന്പിള്ളയെ മണിക്കൂറോളം പൂട്ടിയിട്ടു. സംഭവം അറിഞ്ഞ് ചവറ സി. ഐ ചന്ദ്രദാസിന്റെ പൊലിസ് സംഘം സ്ഥലത്തെത്തി. ബി.ഡി.ഒയെ തുറന്ന് വിടണമെന്ന് പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് കൂടുതല്‍ പൊലിസ് സ്ഥലത്തത്തി. പൊലിസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും നടന്നു. തുടര്‍ന്ന് പൊലിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബി.ഡി.ഒയെ പുറത്തിറക്കി. അംഗങ്ങളായ കോയിവിള സൈമണ്‍, കെ.എം മോഹന്‍ലാല്‍, സുധാകുമാരി, ഷീല, മുംതാസ് ആരിസ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ഉന്നയിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."