പ്രതിഷേധം ശക്തം; ദര്‍ശനം നടത്താതെ മനിതി സംഘം മടങ്ങി
പമ്പ: ആറ് മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മടങ്ങി. സുരക്ഷാപ്രശ്‌നമുണ്ടെന്ന പൊലിസ് നിലപാട് അംഗീകരിച്ചാണ് പിന്‍മാറ്റം. 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്.
രാവിലെ, പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. പൊലിസും കളക്ടറും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
പൊലിസ് സംരക്ഷണതയില്‍ മലകയറാന്‍ തുടങ്ങിയതോടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതിനെത്തുടര്‍ന്ന് മനിതി സംഘം തിരികെയോടുകയായിരുന്നു. 10 മീറ്റര്‍ മാത്രമാണ് ഇവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. പ്രതിഷേധക്കാര്‍ പാഞ്ഞടുത്തതോടെ യുവതികളെ ഉടന്‍ പൊലിസ് വാഹനത്തിലേക്ക് മാറ്റി.
അതേസമയം, പമ്പയില്‍ യുവതികളെ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരില്‍ ചിലരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പൊലിസും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഇതോടെ മനിതി സംഘത്തെ പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റേണ്ടിവന്നു. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. ഇവര്‍ ആവശ്യപ്പെടുന്ന സ്ഥലം വരെ പൊലിസ് സുരക്ഷ ഉറപ്പാക്കും.
പൊലിസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്നും സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്നും മനിതി അംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസിന്‍റെ പ്രതികരണം.
ഇന്നലെ വൈകിട്ട് മധുരയില്‍ നിന്ന് പുറപ്പെട്ട സംഘം 10.45ഓടെയാണ് കോട്ടയത്ത് എത്തിയത്. പൊലിസ് രഹസ്യമായിട്ടാണ് മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."