15 രാജ്യങ്ങളില്‍ കീടനാശിനി കലര്‍ന്ന മുട്ടകളെത്തി
ബ്രസല്‍സ്: ഹോങ്കോങ്ങിലും 15 യൂറോപ്യന്‍ രാജ്യങ്ങളിലും കീടനാശിനി സാന്നിധ്യമുള്ള മുട്ടയെത്തിയതായി യൂറോപ്യന്‍ യൂനിയന്‍.
ഹോങ്കോങ്ങിനൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലും ഇത്തരം മുട്ടയെത്തിയെന്ന് യൂറോപ്യന്‍ കമ്മിഷന്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടുത്തമാസം 26ന് മന്ത്രിതല യോഗം വിളിച്ചിട്ടുണ്ട്.
അണുബാധയുള്ള മുട്ട രാജ്യത്ത് എത്താനിടയാക്കിയതില്‍ വിവിധ രാജ്യങ്ങളിലെ ഫുഡ് സേഫ്റ്റി വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ടുണ്ട്.
ബെല്‍ജിയം, ഡച്ച് സര്‍ക്കാരുകളാണ് മുട്ടയിലെ അണുബാധ കണ്ടെത്തിയത്. ഏഴു ലക്ഷത്തോളം മുട്ടകളിലാണ് അണുബാധ കണ്ടെത്തിയത്. വിവിധ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തോളം മുട്ടകള്‍ നശിപ്പിച്ചു.
നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ് രാജ്യങ്ങളിലെ കോഴി ഫാമുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വക്താവ് ഡാനിയല്‍ റൊസാരിയോ പറഞ്ഞു. ബ്രിട്ടന്‍, സ്വീഡന്‍, ഓസ്ട്രിയ, അയര്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, പോളണ്ട്, റോമാനിയ, സ്ലോവേനിയ, സ്ലോവാക്യ, ഡെന്‍മാര്‍ക് രാജ്യങ്ങളിലും യൂറോപ്യന്‍ യൂനിയനില്‍ അംഗമല്ലാത്ത സ്വിറ്റ്‌സര്‍ലന്റിലുമാണ് കീടനാശിനിയുള്ള മുട്ടയെത്തിയത്.
നെതര്‍ലന്‍ഡിലെ ഫാമില്‍ നിന്ന് ഇത്തരത്തിലുള്ള ഏഴുലക്ഷം മുട്ടകളാണ് ബ്രിട്ടനിലെത്തിയത്. മുട്ട ഉപയോഗിച്ച് ഉണ്ടാക്കിയ ഉല്‍പന്നങ്ങളും നിരോധിച്ചു. ബെല്‍ജിയം ലക്ഷക്കണക്കിന് മുട്ടകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിച്ചു. 2.5 ലക്ഷം മുട്ടകള്‍ പിന്‍വലിച്ചതായി ഫ്രഞ്ച് കൃഷി മന്ത്രി പറഞ്ഞു.
ഫിപ്രോണില്‍ കീടനാശിനി
യൂറോപ്യന്‍ യൂനിയന്‍ നിരോധിച്ച കീടനാശിനിയാണ് മുട്ടയില്‍ കണ്ടെത്തിയത്. നെതര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത മുട്ടകളിലാണ് ഇവയുടെ സാന്നിധ്യം. മൃഗങ്ങളുടെ ദേഹത്തെ ചെള്ളും മറ്റും കൊല്ലാനാണ് ഇതു ഉപയോഗിക്കുന്നത്. കോഴി ഫാമുകളിലെ കീടനാശിനിയായി ഇതു ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. ഈ കീടനാശിനിയാണ് കോഴിയിലും പിന്നീട് മുട്ടയിലുമെത്തിയത്. വൃക്ക, കരള്‍, തൈറോയ്ഡ് ഗ്രന്ഥികള്‍ എന്നിവ നശിപ്പിക്കുന്നതാണ് ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."