'സി.പി.എം 30 ലക്ഷം വനിതാ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും'
തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സി.പി.എമ്മും അതിന്റെ മറ്റു സംഘടനകളും ചേര്‍ന്ന് 30 ലക്ഷത്തിലധികം വനിതാ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്നും ആകെ 50 ലക്ഷം പേര്‍ പങ്കാളികളാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമൂഹത്തിന്റെ വ്യത്യസ്ഥ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പങ്കെടുപ്പിച്ച് ലോകശ്രദ്ധ ലഭിക്കുന്നതും ഗിന്നസ് ബുക്കില്‍ ഇടപിടിക്കുന്നതാകും വനിതാമതിലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വനിതാമതില്‍ പൊളിക്കാന്‍ ആര്‍.എസ്.എസും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ അവര്‍ ഉയര്‍ത്തിയ വിവാദങ്ങളെല്ലാം വനിതാ മതിലിനെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂവെന്ന് ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിന്റെ സംഘാടനത്തിന് സര്‍ക്കാരില്‍ നിന്നു പണം സ്വീകരിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് വനിതാ മതിലില്‍ പങ്കെടുക്കേണ്ട സ്ത്രീകള്‍ എത്തിച്ചേരണം. 3.30ന് റിഹേഴ്‌സല്‍ നടക്കും. നാലിനായിരിക്കും പ്രതിജ്ഞയെടുത്തുള്ള വനിതാമതില്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്. നവോത്ഥാന സംരക്ഷണസമിതി രൂപം നല്‍കിയ മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്തുള്ള പ്ലക്കാര്‍ഡുകള്‍ ഓരോ പ്രവര്‍ത്തകരും ഉയര്‍ത്തിപ്പിടിക്കും.
കാസര്‍കോട് മുതല്‍ പെരിന്തല്‍മണ്ണവരെയും പട്ടാമ്പി, ചെറുതുരുത്തി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയുടെ ഇടതുവശം ചേര്‍ന്നാണ് വനിതാ മതില്‍ തീര്‍ക്കുക. വരവേല്‍ക്കാനെത്തുന്ന പുരുഷന്‍മാര്‍ വനിതാ മതിലിന്റെ എതിര്‍വശത്തായി നില്‍ക്കും. വനിതാ മതില്‍ കടന്നുചെല്ലാത്ത വയനാട് ജില്ലയിലെ പ്രവര്‍ത്തകര്‍ കോഴിക്കോടും ഇടുക്കിയിലെ പ്രവര്‍ത്തകര്‍ ആലുവയിലും കോട്ടയം പത്തനംതിട്ട ജില്ലകളിലെ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെ ദേശീയ പാതയിലും അണിചേരണം. യാതൊരുവിധ ഗതാഗത കുരുക്കും ഇല്ലാത്ത രീതിയിലാകണം പ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
വനിതാമതിലിന് അഭിവാദ്യം അര്‍പ്പിച്ച് സ്ത്രീകള്‍ വലിയതോതില്‍ മുന്നോട്ടുവരുന്നുണ്ട്. വനിതാമതില്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും നടന്നുവരികയാണ്. ഒരു വിഭാഗത്തിന്റേതല്ലാതെ മതനിരപേക്ഷതയുടെ സംഗമമാകും വനിതാ മതില്‍. ഇടതുപക്ഷത്തിന്റെ അഖിലേന്ത്യാ നേതൃനിരയിലുള്ള വനിതാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും കോടിയേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."