മനിതി സംഘം വിശ്വാസികളായി വന്നതല്ല, സര്‍ക്കാര്‍ നടത്തിയ നാടകം: ശ്രീധരന്‍ പിള്ള
കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം ശബരിമലയില്‍ എത്തിയത് വിശ്വാസികളായല്ലെന്നും സര്‍ക്കാരിന്റെ അറിവോടെ നടത്തിയ കപട നാടകമായിരുന്നുവെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. സി.പി.എമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണു മനിതി സംഘമെത്തിയത്. നാടകം നടന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണെന്നും ശ്രീധരന്‍ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തെക്കുറിച്ചു കേന്ദ്ര ഏജന്‍സിയെക്കൊണ്ടു അന്വേഷിക്കാന്‍ സംസ്ഥാനം ആവശ്യപ്പെടണം. അവസരം കിട്ടിയാല്‍ ശബരിമലയെ തകര്‍ക്കാന്‍ സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് മനിതി സംഘത്തിന്റെ വരവോടെ വ്യക്തമായി.
ആലോചനയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ട്. സംഘത്തിനു സുരക്ഷ ഒരുക്കാന്‍ പൊലിസ് തമിഴ്‌നാട്ടില്‍ പോയത് എന്തിനാണ്. കേസുമായി ബന്ധപ്പെട്ടു പോകാം. എന്നാല്‍, ശബരിമല യാത്രികര്‍ക്കു സംരക്ഷണം ഒരുക്കാന്‍, കോടതി ഉത്തരവൊന്നുമില്ലാതെ എന്തിനു പൊലിസ് പോയെന്നതു സംശയത്തിനിട നല്‍കുന്നു. ശബരിമലയെ അപകടകരമായ തകര്‍ച്ചയിലേക്കാണു സര്‍ക്കാര്‍ കൊണ്ടുപോകുന്നത്.
രണ്ടു ദിവസമായി നടന്ന സംഭവങ്ങള്‍ക്കെതിരേ പാര്‍ട്ടി ഇന്നു പ്രതിഷേധ ദിനമായി ആചരിക്കും. സമാധാനപരമായ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടത്തും. പാര്‍ട്ടിയില്‍ പുതുതായെത്തിയവര്‍ക്കായി 28ന് തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നവാഗത നേതൃസംഗമം നടത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."