വിസയില്ലാതെ പ്രവേശനം; ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്ന് ഖത്തര്‍
ദോഹ: ഖത്തറിലേക്ക് വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളെ തീരുമാനിച്ചത് വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്നും ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡവലപ്‌മെന്റ് ഓഫിസര്‍ ഹസന്‍ അല്‍ഇബ്്‌റാഹിം. പാസ്‌പോര്‍ട്ടുകളുടെ എണ്ണം, ചെലവഴിക്കല്‍ ശേഷി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് സൂക്ഷ്മമായും ശാസ്ത്രീയമായുമാണ് ഇപ്പോള്‍ 80 രാജ്യങ്ങളെ തിരഞ്ഞെടുത്തത്. ഇത് തുടരുന്ന പ്രക്രിയയാണ്. ഭാവിയില്‍കൂടുതല്‍ രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തേക്കാം. ഖത്തര്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറന്നിടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അല്‍ഇബ്്‌റാഹിം പറഞ്ഞു.
80 രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത പല രാജ്യങ്ങളിലെയും പൗരന്മാര്‍ തങ്ങളുടെ നിരാശ അറിയിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തര്‍ എയര്‍വെയ്‌സിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനുള്ള ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് 80 രാജ്യങ്ങള്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മാറ്റങ്ങള്‍ വളരെ വേഗത്തിലാണ് വരുന്നതെന്നും ഖത്തര്‍ ദേശീയ ടൂറിസം നയം പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരമാവധി ടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
വിവിധ രാജ്യങ്ങളിലുള്ള ഖത്തര്‍ ടൂറിസം അതോറിറ്റി ഓഫിസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഫ്രാന്‍സ്, ജര്‍മനി, യുകെ, സിംഗപ്പൂര്‍, അമേരിക്ക, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ക്യുടിഎ ഓഫിസുകളുണ്ട്. അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ കൂടുതല്‍ ഓഫിസുകള്‍ ആരംഭിക്കും. കുടുംബങ്ങള്‍ക്കുള്ള ടൂറിസം കേന്ദ്രം എന്നതിനപ്പുറം ബിസിനസ്, സാംസ്‌കാരിക ടൂറിസം ലക്ഷ്യമായി ഖത്തറിനെ പരിവര്‍ത്തിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഖത്തര്‍ മ്യൂസിയംസ്, സാംസ്‌കാരിക കായിക മന്ത്രാലയം തുടങ്ങിയവയുമായി സഹകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
ടൂറിസ്റ്റുകളുടെ വന്‍തോതിലുള്ള ഒഴുക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് എയര്‍പോര്‍ട് പാസ്‌പോര്‍ട്‌സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്്‌റൂയി പറഞ്ഞു.
വിസ ആവശ്യമില്ലാത്ത 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമവും എളുപ്പവുമാക്കാന്‍ ഇലക്ട്രോണിക് കാര്‍ഡുകള്‍ നല്‍കാനുള്ള പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് ഇഗേറ്റ് ഉപയോഗം സാധ്യമാക്കാനുള്ള പഠനമാണ് നടക്കുന്നത്.
ആദ്യ തവണ സുരക്ഷാ പരിശോധന കഴിഞ്ഞ് പ്രവേശിക്കുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക ഇലക്ട്രോണിക് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനാവും. തുടര്‍ന്ന് രാജ്യത്തേക്ക് വരുമ്പോള്‍ എമിഗ്രേഷന്‍ പരിശോധന കൂടാതെ ഇഗേറ്റ് ഉപയോഗിച്ച് പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കാനാണ് പദ്ധതിയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."