83 താരങ്ങളെ സര്‍ക്കാര്‍ പറ്റിച്ചുു
യു.എച്ച് സിദ്ദീഖ്#
കോഴിക്കോട്: ദേശീയ ഗെയിംസില്‍ കേരളത്തിനായി ടീം ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് ജോലി നല്‍കാതെ സര്‍ക്കാര്‍ പറ്റിച്ചു. ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 പേരാണ് സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വസിച്ചു നിയമനം ലഭിക്കാതെ പെരുവഴിയിലായത്. ഖോ ഖോ, റഗ്ബി, തുഴച്ചില്‍, ബീച്ച് വോളി, ഫെന്‍സിങ് ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ കേരളത്തിന് മെഡല്‍ സമ്മാനിച്ചവരാണ് ജോലിയില്ലാതെ ദുരിതം പേറി ജീവിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 2015 ല്‍ തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തിയെങ്കിലും നാല് വര്‍ഷമായിട്ടും നിയമനം നല്‍കിയിട്ടില്ല.
നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷം കായികതാരങ്ങളും. ഇല്ലായ്മകളെ മറികടന്നാണ് കേരളത്തിനായി താരങ്ങള്‍ പതക്കങ്ങള്‍ പൊരുതി നേടിയത്. 2015 ഫെബ്രുവരിയില്‍ ആണ് ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുമെന്ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചില താരങ്ങള്‍ക്ക് ജോലി നല്‍കിയതൊഴിച്ചാല്‍ ഭൂരിപക്ഷത്തിനും നിയമനം ലഭിച്ചില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വ്യക്തിഗത ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്കും ടീം ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കും നിയമനം നല്‍കി.
ടീം ഇനങ്ങളിലെ വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യം നിയമസഭയിലും പുറത്തും പല ആവര്‍ത്തി അന്നത്തെ കായിക മന്ത്രി എ.സി മൊയ്തീന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
പി.എസ്.സി വഴി നിയമനം നടത്തിവരുന്ന സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് നിയമപരമായ തടസം പരിശോധിക്കാനും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും മെഡല്‍ ജേതാക്കള്‍ക്ക് നിയമനം നല്‍കുന്ന കാര്യം പരിഗണിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. നിയമനം നല്‍കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കാന്‍ പൊതുമേഖലാ സ്ഥാപന എം.ഡിമാരുടെ യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. എന്നാല്‍, പിന്നീട് തുടര്‍ നടപടികള്‍ നിലച്ചു. നിയമനം ലഭിക്കാനായി കായിക താരങ്ങള്‍ മുഖ്യമന്ത്രിയെയും കായിക മന്ത്രി ഇ.പി ജയരാജനെയും സമീപിച്ചെങ്കിലും ഇതു സംബന്ധിച്ച അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
83 കായിക താരങ്ങളുടെ നിയമനം സംബന്ധിച്ച ഫയല്‍ ധനകാര്യ വകുപ്പിന്റേത് ഉള്‍പ്പെടെ പരിശോധനയ്ക്ക് ശേഷം പൊതുഭരണ വകുപ്പിന്റെ ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. പൊതുമേഖലയില്‍ നിയമനം നല്‍കാന്‍ ഒഴിവുകളില്ലെന്നാണ് ആദ്യം കായിക മന്ത്രിയുടെ ഓഫിസ് താരങ്ങളെ അറിയിച്ചത്. പിന്നീട് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ ട്രേഡ് വിഭാഗത്തില്‍ മാത്രമേ ഒഴിവുകളുള്ളൂവെന്നും പൊതുമേഖലകള്‍ നഷ്ടത്തിലാണെന്നുമുള്ള കാരണങ്ങളാണ് നിരത്തുന്നത്. സര്‍ക്കാര്‍ സ്‌പോര്‍ട്‌സ്‌ക്വാട്ടയില്‍ വര്‍ഷം തോറും 50 പേര്‍ക്ക് നിയമനം നല്‍കാറുണ്ടായിരുന്നു. എട്ടു വര്‍ഷത്തിലേറെയായി അതും നിലച്ചു കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."