കാക്കവയലില്‍ വഴിയോരത്ത മാവുകള്‍ മുറിച്ചുമാറ്റുന്നതിനുള്ള നീക്കം പാളി
കല്‍പ്പറ്റ: ദേശീയപാത 766ല്‍ കാക്കവയല്‍ വഴിയോരം റസ്റ്റോറന്റിനു മുന്‍വശമുള്ള രണ്ടു മാവുകള്‍ മുറിച്ചുമാറ്റുന്നതിനു സ്വകാര്യ വ്യക്തി നടത്തിയ നീക്കം പാളി. രണ്ടു മരങ്ങളും നിലവില്‍ ആരുടെയും ജീവനും സ്വത്തിനും ഭീഷണിയല്ലെന്നു പൊതുസ്ഥലങ്ങളിലെ മരം മുറിയുമായി ബന്ധപ്പെട്ട കമ്മിറ്റി (വൃക്ഷക്കമ്മിറ്റി) റിപ്പോര്‍ട്ട് ചെയ്തതാണ് സ്വകാര്യനീക്കം പൊളിച്ചത്.
മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനു ഒരു സ്വകാര്യ വ്യക്തിയാണ് ദേശീയപാത കല്‍പ്പറ്റ കാര്യാലയത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കു അപേക്ഷ നല്‍കിയത്. പൂര്‍ണവളര്‍ച്ചയെത്തിയ മരങ്ങള്‍ ഏതുസമയത്തും റോഡിലേക്കോ തന്റെ ഉമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിലേക്കോ കടപുഴകാന്‍ സാധ്യതയുള്ളതിനാല്‍ മുറിച്ചു മാറ്റുന്നതിനു നടപടി സ്വീകരിക്കണമെന്നായിരുന്നു അപേക്ഷയില്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത ഉപേതര വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്കു കത്തു നല്‍കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനു പരിശോധന നടത്തി മരങ്ങളോ ശിഖരങ്ങളോ മുറിച്ചുമാറ്റുന്നതിനു അനുമതി നല്‍കണമെന്നും വൃക്ഷങ്ങള്‍ ലേലം ചെയ്യുന്നതിനു വിലനിര്‍ണയം നടത്തണമെന്നുമായിരുന്നു കത്തില്‍. ഇതേ തുടര്‍ന്നായിരുന്നു വൃക്ഷക്കമ്മിറ്റിയുടെ പരിശോധന. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ആരോഗ്യത്തോടെ നില്‍ക്കുന്ന മാവുകള്‍.
പ്രളയകാലത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വഴിയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതായും കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."