ക്രിസ്മസ്, പുതുവത്സരാഘോഷം: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉണര്‍വ്
മാനന്തവാടി: പ്രളയത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വീണ്ടും ഉണര്‍വ്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി നിരവധി സഞ്ചാരികളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തുന്നത്. കാലവര്‍ഷത്തിനുശേഷം വൈകി തുറന്ന കുറുവാ ദ്വീപില്‍ നിരവധി സഞ്ചാരികളാണ് എത്തിയത്. മേപ്പാടി-ചൂരല്‍മലയിലെ സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിലും കഴിഞ്ഞദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കുറുവയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഇവിടെ എത്തുന്ന മുഴുവന്‍ പേര്‍ക്കും ദ്വീപിനകത്ത് പ്രവേശിക്കാനാവുന്നില്ല.
എന്നാല്‍ കബനിയില്‍ ഡി.ടിപി.സി ഏര്‍പ്പെടുത്തിയിട്ടുള്ള ചങ്ങാട യാത്ര ആസ്വദിച്ചാണ് ഇവര്‍ മടങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ചങ്ങാടയാത്രക്ക് വലിയ തിരക്കാണ്. പൂക്കോട്, ബാണുസര സാഗര്‍, എടക്കല്‍, ചെമ്പ്ര, കര്‍ളാട് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സാഹസീക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആഴ്ച്ചകള്‍ക്ക് മുമ്പാണ് ടൂറിസം വകുപ്പ് പ്രിയദര്‍ശനിയില്‍ അന്താരാഷ്ട്ര മൗണ്ടെയിന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. പ്രളയാനന്തരം ജില്ലാ വിനോദസഞ്ചാരത്തിന് സജ്ജമായെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു അന്താരാഷ്ട്ര മത്സരം. കൂടതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്ക് ഉടന്‍ തുറക്കും. ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയാണ് തുറക്കുന്നത്. പ്രിയദര്‍ശനി ടൂറിസം പദ്ധതിയും അവസാന ഘട്ടത്തിലാണ്. ഇവിടെ സഞ്ചാരികള്‍ക്ക് നിലവില്‍ പ്രവേശനം ഉണ്ടെങ്കിലും വിപുലമായി നടപ്പാക്കുകയാണ്. കുറുമ്പാലക്കോട്ട ഏറ്റെടുക്കാനുള്ള നടപടികളും ടൂറിസം വകുപ്പ് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."