രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാര്‍ഥ്യമാകാതെ വട്ടപ്പാറ-ആറ്റില ജലവൈദ്യുത പദ്ധതി
കല്ലടിക്കോട്: ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയായ വട്ടപ്പാറ-ആറ്റില വെള്ളച്ചാട്ടത്തിലെ ജലവൈദുത പദ്ധതി കടാലാസിലൊതുങ്ങുകയാണ്. രണ്ടു പതിറ്റാണ്ട് കഴിയുമ്പോഴും പ്രദേശവാസികളുടെ പദ്ധതിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ നടത്തേണ്ട പദ്ധതിയാണ് വര്‍ഷങ്ങളായി കുഴഞ്ഞുനീങ്ങുന്നത്.
മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തെ വെള്ളച്ചാട്ടങ്ങള്‍ ഉപയോഗിച്ച് വിവിധ ഭാഗങ്ങളില്‍നിന്നായി 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. 1998ല്‍ സംസ്ഥാന വൈദ്യുതിവകുപ്പ് നേരിട്ടുനടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 45 കോടി രൂപയ്ക്കുള്ള വൈദ്യുതി ഇവിടെനിന്നും ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരുന്നു.
ശിരുവാണി പുഴയുടെ പോഷക നദിയായ കല്ലാര്‍ പുഴയിലേയും സമീപത്തെ ചെറുപുഴകളിലെയും വെള്ളച്ചാട്ടങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പാമ്പാര്‍ പുഴയിലെ വെള്ളം വട്ടപ്പാറയിലെത്തിക്കുന്നതുവഴി അഞ്ച് മെഗാവാട്ടും കല്ലാര്‍ പുഴയിലെ വെള്ളം ചെറുപുഴയില്‍ നിര്‍മിക്കുന്ന തടയണയിലെത്തിക്കുന്നതുവഴി ഏഴ് മെഗാവാട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടു പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും പദ്ധതി കടലാസില്‍ മാത്രമാണ്.
രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിനുവേണ്ടി ഇരുമ്പാമുട്ടിവഴിയൊഴുക്കുന്ന പുഴയ്ക്കു ആറ്റിലയില്‍ തടയണക്കെട്ടി സര്‍ക്കാര്‍ ദര്‍ഘാസ് ക്ഷണിക്കുകയും സില്‍ക്കിനെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും തുടര്‍നടപടികള്ളൊന്നുമുണ്ടായില്ലതാനും.
സംസ്ഥാനം വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ചെലവുകുറഞ്ഞ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കിയാല്‍ വൈദ്യുതി ക്ഷാമത്തില്‍നിന്നും പവര്‍ക്കട്ട് പോലുള്ള വൈദ്യുതി തടസങ്ങളില്‍നിന്നും ജനങ്ങള്‍ക്ക് ആശ്വസവുമാകും ചെയ്യും. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് തുടര്‍നടപടികള്‍ ഫയലുകളിലൊതുക്കുമ്പോള്‍ വട്ടപ്പാറ-ആറ്റില ജലവൈദ്യുത പദ്ദതി എന്ന് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."