വാടക അരലക്ഷത്തിലധികം രൂപ
ചെറുതോണി: സിവില്‍ സ്റ്റേഷനില്‍ സൗകര്യങ്ങളുണ്ടായിട്ടും 15 ജീവനക്കാര്‍ മാത്രമുള്ള ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസിന് വാടക പ്രതിമാസം 56,965 രൂപ. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറാണ് ഭീമമായ മാസവാടക അനുവദിച്ച് ഉത്തരവായത്.
ഇടുക്കി പുന്നപ്പിള്ളില്‍ പി.ഐ ഐസക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ് ഐസക്ക്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് വന്‍വാടക നല്‍കാന്‍ ഉത്തരവിട്ടതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.
ഇടുക്കി കലക്ട്രേറ്റിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫിസ് പോലും പ്രവര്‍ത്തിക്കുന്നത് 600 സ്‌ക്വയര്‍ ഫീറ്റുള്ള മുറിയിലാണ്. 17 ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ട് ജില്ലാ ഓഫിസില്‍. എന്നാല്‍ കേവലം 15 ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്ന താലൂക്ക് സപ്ലൈ ഓഫിസ് പ്രവര്‍ത്തിക്കുന്നത് 2500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിലാണ്.
ഈ കെട്ടിടത്തിന്റെ പകുതിയിലേറെ ഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ ജില്ലാ നേതാവിന് വേണ്ടി സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാര്‍ നടത്തുന്ന അഴിമതിയുടെ ഭാഗമാണ് ഭീമമായ തുക വാടകയായി ഇട്ടിരിക്കുന്നതെന്നാണ് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റേതടക്കം നിരവധി കെട്ടിടങ്ങളാണ് ഈ മേഖലയില്‍ ഒഴിഞ്ഞു കിടക്കുന്നത്. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത് ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തില്‍ വാടക ഇല്ലാതെയാണ്.
പൈനാവില്‍ എന്‍ജിനിയറിംഗ് കോളജ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പുനര്‍ നിര്‍മ്മാണം കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുകയാണ് .ഇതൊന്നും പരിഗണിക്കാതെയാണ് പ്രതിമാസം ഇത്രയധികം രൂപ പാഴാക്കുന്നത്.
ജില്ലാ ആസ്ഥാനത്ത് ടൗണില്‍ പോലും ഇത്രയും വാടകയില്ല. തൊടുപുഴ - ചെറുതോണി റോഡില്‍ നിന്നും 130 മീറ്റര്‍ മാറി പൊലിസ് സൊസൈറ്റിക്ക് സമീപം ബഹുനില മന്ദിരത്തില്‍ മൂന്നാം നിലയിലാണ് താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഈ കെട്ടിടത്തിലെ വയറിങ് അടക്കമുള്ള അടിസ്ഥാന ജോലികള്‍ പോലും ഉടമ ഇതുവരെ പൂര്‍ത്തിയാക്കി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."