കട്ടപ്പന സെന്റ് ജോര്‍ജ് എല്‍. പി സ്‌കൂള്‍ മന്ദിരോദ്ഘാടനം നാളെ
കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ കട്ടപ്പന സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂളിനായി ആധുനിക സംവിധാനങ്ങളോടെ പണിത ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഇതോടെ എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെയുള്ള പഠനം ഒരേ കോമ്പൗണ്ടിനുള്ളില്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നടത്താന്‍ കഴിയുന്ന സംവിധാനമാണ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുങ്ങിയിരിക്കുന്നത്.
സെന്റ് ജോര്‍ജ് പള്ളി വികാരിയായിരുന്ന ഫാ. അലക്‌സാണ്ടര്‍ വയലുങ്കല്‍ 1952ല്‍ ആരംഭിച്ച സ്‌കൂളിന് 1956ല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. സ്‌കൂളിലൂടെ അനേകായിരങ്ങള്‍ അക്ഷരവെളിച്ചം കൈവരിച്ചതിനൊപ്പം സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേയ്ക്കു ഉയര്‍ന്നു. സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യമുള്ള എല്‍.പി സ്‌കൂളില്‍ എല്ലാ ക്ലാസുകളിലും മലയാളം, ഇംഗ്ലീഷ് മീഡിയവുമുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ആശീര്‍വദിക്കും. വികാരി ജനറാള്‍ ജസ്റ്റിന്‍ പഴേപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മന്ദിരോദ്ഘാടനം ജോയ്‌സ് ജോര്‍ജ് എം. പിയും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം. എല്‍. എയും നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍,നഗരസഭാ കൗണ്‍സിലര്‍മാര്‍, ഡി. ഇ.ഒ: പി. യു പ്രസന്നകുമാരി, എ. ഇ. ഒ എന്‍. അബ്ദുല്‍ റസാക്ക് തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് ചാത്തനാട്ട്, എല്‍. പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയമ്മ ജോസഫ്, പി.ടി.എ പ്രസിഡന്റ് തങ്കച്ചന്‍ കാരയ്ക്കാട്ട്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജോസഫ് കുര്യന്‍, മെര്‍ലിന്‍ തോമസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."