ഇലക്കൂട്ടും ഔഷധക്കഞ്ഞിയും; രുചിയേറും വിഭവങ്ങളൊരുക്കി വിദ്യാര്‍ഥികള്‍
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെയും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെയും ആഭിമുഖ്യത്തില്‍ ഇലക്കൂട്ടും ഔഷധക്കഞ്ഞിയും എന്ന പേരില്‍ തത്സമയ പാചക പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാലയ കൃഷിയിടങ്ങളില്‍ നിന്നും കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും ശേഖരിച്ച നാല്പതോളം ഭക്ഷ്യയോഗ്യമായ ഇലകളുപയോഗിച്ചാണ് സ്‌കൂള്‍ ഹാളില്‍ അമ്പതോളം വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കി പ്രദര്‍ശിപ്പിച്ചത്. പനിക്കൂര്‍ക്ക, മുറികൂട്ടിയില, കാട്ടു ചീര, വഷളച്ചീര, കോവക്കയില, മാതള നാരകയില, വള്ളിച്ചീര, തഴുതാമ, ബ്രഹ്മിയില തുടങ്ങിയവ ഉപയോഗിച്ച് മൂന്നു മണിക്കൂര്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ പാചകം ചെയ്തത്. ഒപ്പം 26തരം മരുന്നുകള്‍ ചേര്‍ത്ത കര്‍ക്കിടക മരുന്നും 12തരം മരുന്നുകള്‍ ചേര്‍ത്ത കര്‍ക്കടക കഞ്ഞിയും തയാറാക്കി. നാട്ടില്‍ ലഭ്യമാവുന്ന ഭക്ഷ്യയോഗ്യമായ ഇലകളെയും അവയുടെ പാചകരീതിയും പുതുതലമുറയില്‍ എത്തിക്കാനാണ് പാചകം സംഘടിപ്പിച്ചത്. ഇലക്കറി പ്രചാരകന്‍ സജീവന്‍ കാവുങ്കര ഉദ്ഘാടനം ചെയ്തു. ആര്‍.കെ രാഘവന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എം.സി പ്രസന്നകുമാരി, വി.വി ദിവാകരന്‍, പി. ഗീത, കെ. ബിജുല, കെ.പി ഷീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."