ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കും: മന്ത്രി
കോഴിക്കോട്: ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
താമരശ്ശേരി താലൂക്കിന് അനുവദിച്ച ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിത്യജീവിതത്തില്‍ ഉപഭോക്താവിനെ ഏറ്റവും കൂടുതല്‍ സഹായിക്കാന്‍ കഴിയുന്ന വകുപ്പാണിത്. എന്നാല്‍ ഈ വകുപ്പിന്റെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല.
സാധനങ്ങളും സേവനങ്ങളും വാങ്ങിയതിനു ശേഷം വഞ്ചിക്കപ്പട്ടുവെന്നറിഞ്ഞാലും പരാതി നല്‍കാന്‍ പലരും തയാറാകുന്നില്ല. ഇതു മാറ്റേണ്ട കാലം കഴിഞ്ഞു. ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ചെറുക്കാന്‍ പര്യാപ്തമായ നിയമം ഇവിടെയുണ്ട്. 30 വര്‍ഷമായി ഉപഭോക്തൃ സംരക്ഷണ നിയമം നമുക്കുണ്ട്.
എന്നാല്‍ രണ്ടു ദിവസം മുന്‍പ് ആ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഭേദഗതികള്‍ വരുത്തി. ലോക്‌സഭയില്‍ ചര്‍ച്ച കൂടാതെ പാസായ ഈ നിയമം രാജ്യസഭയിലെ ചര്‍ച്ചയ്ക്കു ശേഷം ന്യൂനതകള്‍ പരിഹരിക്കുമെന്നാണു കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫിസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണു താമരശ്ശേരി താലൂക്കിലും ഓഫിസ് അനുവദിച്ചത്.
ചുങ്കത്ത് കെ.എസ്.ഇ.ബി ഓഫിസിനു സമീപത്താണ് ലീഗല്‍ മെട്രോളജി ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. പരാതികള്‍ക്ക് സത്വര പരിഹാരം കാണുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും കോള്‍ സെന്ററും വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."