വീട്ടമ്മയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
ഫറോക്ക്: വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഫറോക്ക് കരുവന്‍തിരുത്തി കോതാര്‍ത്തോട് സ്വദേശി തൈവളപ്പില്‍ അബ്ദുല്ലക്കുഞ്ഞിയെയാണ് കോഴിക്കോട്് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുല്‍ റസാക്ക് ഇന്നലെ അറസ്റ്റ്് ചെയ്തത്.
ഓര്‍ക്കാട്ടേരി ജനറല്‍ ഹോസ്പിറ്റിലിന് സമീപം വട്ടംകുനി സെക്കീന(45) വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹോദരന്‍ ഹംസ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഈ മാസം മൂന്നിനാണ് സെക്കീനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നു തന്നെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഫറോക്ക് പൊലിസിലാണ് പരാതി നല്‍കിയത്. 1986ലാണ് അബ്ദുല്ലക്കുഞ്ഞി സെക്കീനയെ വിവാഹം കഴിക്കുന്നത്.
അന്നുമുതല്‍ ക്രൂരമായ പീഡനമാണ് ഭര്‍ത്താവില്‍നിന്ന് ഏല്‍ക്കേണ്ടി വന്നത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബ്ന്ധമാണ് ഇവര്‍ തമ്മിലുളള തര്‍ക്കത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സംഭവം നടന്ന ദിവസം രാവിലെ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. അന്ന് രാവിലെ 9ന് സെക്കീന സഹോദരനായ ഹംസയെ ഫോണില്‍ വിളിച്ച് തന്നെ ഇവിടെ നിന്നു രക്ഷപ്പെടുത്തണമെന്നും അല്ലെങ്കില്‍ ഇവര്‍ കൊന്നു കളയുമെന്നും പറഞ്ഞിരുന്നു. ജോലി കഴിഞ്ഞതിനു ശേഷം വീട്ടിലേക്ക് വരാമെന്നു പറഞ്ഞാണ് ഹംസ ഫോണ്‍ വച്ചത്.
വൈകുന്നേരം ഭര്‍ത്താവ് അബ്ദുല്ല കുഞ്ഞി സെക്കീന വീടിനുള്ളില്‍ തൂങ്ങി മരിച്ചതായി അറിയിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ സെക്കീനയുടെ ശരീരത്തില്‍ കണ്ടതായും പൊലിസില്‍ നല്‍കിയ പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."