കേന്ദ്ര സര്‍ക്കാര്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നത് ഭരണം എളുപ്പമാക്കാന്‍: ഖദീജാ മുംതാസ്
കോഴിക്കോട്: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നത് ഭരണം എളുപ്പമാക്കാന്‍ വേണ്ടിയാണെന്ന് എഴുത്തുകാരി ഡോ. ഖദീജാ മുംതാസ്. ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസിയില്‍ 'ജെന്‍ഡര്‍, ജനാധിപത്യം, ആവിഷ്‌കാരം' സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എല്ലാറ്റിനെയും അടിച്ചമര്‍ത്തുന്ന സമഗ്രാധിപത്യത്തിനാണ് ബി.ജെ.പിയും സംഘ്പരിവാറും ശ്രമിക്കുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരവും പലതരത്തിലുള്ള ചിന്തയും ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നില്ല. ഒരേസമയം വന്‍ ജനപങ്കാളിത്തത്തോടെ നടത്തുന്ന യോഗാ പരിശീലനവും രാഖി കെട്ടലുമെല്ലാം ഇതിന്റെ ഭാഗമാണ്.
ജനാധിപത്യം എല്ലാവര്‍ക്കും തുല്യത നല്‍കുന്നതാണെന്ന് നാം മറന്നുകൂടാ. സംസ്‌കാരവും സാഹിത്യവും എന്നത് സവര്‍ണം മാത്രമല്ല. സാഹിത്യത്തില്‍ സംസ്‌കൃത ഗ്രന്ഥങ്ങള്‍ക്കൊപ്പം വാമൊഴിയായി പ്രചരിക്കുന്നതും കീഴാളന്റെ എഴുത്തുകളുമെല്ലാം ഉള്‍പ്പെടും. നാം കറുപ്പ് സുന്ദരമാണെന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നത് സമൂഹത്തിന്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. 75 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന നാട്ടിലാണ് വെളുത്ത കുട്ടികളെ ലഭിക്കാന്‍ ഗര്‍ഭിണികള്‍ സംഗീതം കേള്‍ക്കണമെന്നും സവര്‍ണ ഭക്ഷണം ശീലിക്കണമെന്നും ഫാസിസ്റ്റുകള്‍ ഉപദേശിക്കുന്നതെന്നും ഖദീജാ മുംതാസ് പരിഹസിച്ചു.
ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് ദലിതരും ന്യൂനപക്ഷങ്ങളുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ കെ. അജിത അഭിപ്രായപ്പെട്ടു. സദാചാര ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നേതൃത്വം നല്‍കുന്നതു സംഘ്പരിവാര്‍ സംഘടനകളാണ്. ഇത്തരം ആക്രമണങ്ങളില്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നും ഇന്ത്യയെന്ന ജനാധിപത്യത്തിന് ദലിതനും ന്യൂനപക്ഷവും ഭിന്നലിംഗക്കാരുമെല്ലാം വേണമെന്നും അജിത പറഞ്ഞു. ഡോ. ടി.വി സുനിത, ഇ.പി സോണിയ, സോഫിയ ബിന്ദ്, വി. ബിനോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."