ഹര്‍ത്താലിനെ ജനം ഒറ്റക്കെട്ടായി നേരിടണം: മന്ത്രി കണ്ണന്താനം
തൊടുപുഴ: മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഹര്‍ത്താലുകളെ ജനം ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇനിയെങ്കിലും ഹര്‍ത്താലുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം തകരുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷിക മേളയോടനുബന്ധിച്ച് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കണ്ണന്താനം ഹര്‍ത്താലിനെതിരേ ആഞ്ഞടിച്ചത്. ഹര്‍ത്താലില്‍ നിന്നും പിന്മാറണമെന്നാണ് തന്റെ പാര്‍ട്ടിയോടും പറയാനുള്ളതെന്ന് വേദിയിലിരുന്ന ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമളിനോട് അദ്ദേഹം പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് കേരളം തകര്‍ന്നിരിക്കുമ്പോഴും ഹര്‍ത്താല്‍ ആഘോഷിക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇവിടെയുള്ളത്. കേരളത്തിന്റെ ടൂറിസം അടക്കമുള്ള മേഖലകള്‍ക്ക് ഹര്‍ത്താല്‍ വരുത്തിവയ്ക്കുന്ന കോട്ടം ചില്ലറയല്ല. മൂന്നു വലിയ ആഡംബര കപ്പലുകളിലായി രണ്ടായിരം ടൂറിസ്റ്റുകള്‍ കേരള തുറമുഖത്തെത്തിയെങ്കിലും ഹര്‍ത്താലിനെ തുടര്‍ന്ന് ഇറങ്ങാനാവാത്ത സ്ഥിതിയുണ്ടായി.
ഹര്‍ത്താലുകള്‍ വീട്ടിലിരുന്ന് ആഘോഷിക്കുന്ന മലയാളിയുടെ സംസ്‌ക്കാരം മാറണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തോല്‍പ്പിക്കാനുള്ള മനസ്സ് കേരള ജനതയ്ക്കുണ്ടാകണമെന്നും തെരുവിലിറങ്ങി നട്ടെല്ലോടെ ഹര്‍ത്താലിനെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."