പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്: ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം. 'പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം മുന്നോട്ടുള്ള വഴി' എന്ന വിഷയത്തെ ആസ്പദമാക്കി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി പാടില്ല. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിന്ന് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കണം. ദുരന്തനിവാരണ വരവു ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ സുതാര്യമാക്കുകയും അത് ജനങ്ങള്‍ക്ക് മനസിലാക്കുന്നതിനായി മാതൃഭാഷയില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
പുനര്‍നിര്‍മാണത്തിനായി ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് അധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകപക്ഷീയ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുത്. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളും പരിഗണനയിലെടുക്കണം. യഥാര്‍ഥ നഷ്ടമെത്രയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കേന്ദ്ര സഹായം ലഭിക്കുമോയെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി നില്‍ക്കുന്നു. വരാന്‍ പോകുന്ന ബജറ്റില്‍ വലിയൊരു വിഹിതം പുനര്‍നിര്‍മാണത്തിനായി മാറ്റിവയ്ക്കണം. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചടങ്ങില്‍ ആര്‍.ജി.ഐ.ഡി.എസ് ഡയരക്ടര്‍ ബി.എസ് ഷിജു, മുന്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദ ശിരോമണി, ആര്‍.ജി.ഐ.ഡി.എസ് രജിസ്ട്രാര്‍ എന്‍. നിയതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."