സൈറ ലിയോണില്‍ മണ്ണിടിച്ചില്‍; 312 മരണം 179 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഫ്രീടൗണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സൈറ ലിയോണിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ 312 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഫ്രീടൗണിനടുത്തെ റീജന്റില്‍ മലയോര പ്രദേശത്താണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് നാശംവിതച്ച് മണ്ണിടിച്ചിലുണ്ടായത്. മരണസംഖ്യ 312 കടന്നതായി റെഡ്‌ക്രോസ് അടക്കമുള്ള ചില സന്നദ്ധ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലില്‍ പ്രദേശത്തെ വീടുകളും കെട്ടിടങ്ങളുമെല്ലാം പൂര്‍ണമായും മണ്ണിനടിയില്‍പെട്ടിരിക്കുകയാണ്. ആയിരത്തോളം കുടുംബങ്ങളാണ് ഭവനരഹിതരായിരിക്കുന്നത്. സംഭവസമയത്ത് മിക്ക വീട്ടുകാരും ഉറക്കത്തിലായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ 179 പേരുടെ മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സൈറ ലിയോണ്‍ വൈസ് പ്രസിഡന്റ് വിക്ടര്‍ ബൊക്കേരി അറിയിച്ചു.
നൂറുകണക്കിനു കെട്ടിടങ്ങളാണ് അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ രക്ഷാസേനയ്ക്കു പുറമെ സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ദുരന്തത്തില്‍ പരുക്കേറ്റവരെ സുരക്ഷിതസ്ഥാനങ്ങളിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലെത്തിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."