അശാസ്ത്രീയമായ റോഡ് നിര്‍മാണം കുടിവെള്ളം മുട്ടിച്ചെന്ന് പരാതി
മാനന്തവാടി: പഞ്ചായത്തിന്റെ അശാസ്ത്രീയമായ റോഡ് നിര്‍മാണം നിരവധി കുടുംബങ്ങളുടെ കുടിവെള്ളം തടസപ്പെടുത്തിയെന്ന് പരാതി.
വെള്ളമുണ്ട പഞ്ചായത്തിലെ കണ്ടത്തുവയല്‍മീത്തല്‍ ചെമ്പ്രങ്കുഴിചിറമൂലക്കൊല്ലി റോഡ് നിര്‍മാണമാണ് കുടിവെള്ളം മലിനമാവാന്‍ കാരണം. സ്വകാര്യ വ്യക്തി റോഡ് കൈയേറി മതില്‍ നിര്‍മിക്കുകയും ചെയ്തതോടെ മലിനജലം കിണറിലിറങ്ങുകയായിരുന്നു. കിണര്‍ പൂര്‍വസ്ഥിതിയിലാക്കി നാട്ടുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സ്ഥലമുടമ കുട്ട്യാലി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വെള്ളമുണ്ട വില്ലേജിലെ കണ്ടത്തുവയല്‍ സ്വദേശിയാണ് പൊതുജനങ്ങള്‍ക്ക് ഗുണപ്രദമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണര്‍ നിര്‍മിച്ചത്. പ്രളയത്തിന് മുമ്പുണ്ടായിരുന്ന വരള്‍ച്ചയിലുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് ഈ കിണറിനെ ആശ്രയിക്കുന്നത്. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം പഞ്ചായത് ചെമ്പ്രംകുഴി-ചിറമൂല റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.
എന്നാല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ മലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ഒഴുക്കി വിടാന്‍ കിണറുള്‍പ്പെടുന്ന സ്ഥലത്തേക്ക് പൈപ്പിട്ടതാണ് കിണര്‍ മലിനമാവാനിടയാക്കിയത്.
മറുവശത്ത് നേരത്തെയുണ്ടായിരുന്ന ഓവുചാല്‍ അടച്ചു സ്വകാര്യ വ്യക്തി മതില്‍ നിര്‍മിക്കുകയും ചെയ്തതോടെ അഴുക്ക് വെള്ളം മുഴുവനായി കിണറിലേക്കൊഴുകിയെത്തി. കുടിവെള്ളം മുട്ടിയതോടെ കിണര്‍ നിര്‍മിച്ച കുട്ട്യാലി ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കുമുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം വില്ലേജ് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ പഞ്ചായത്തിന്റെ അശാസ്ത്രീയ റോഡ് നിര്‍മാണമാണ് കുടിവെള്ളം മലിനമാവാന്‍ കാരണമെന്ന് കണ്ടത്തിയിരുന്നു.
കിണര്‍ ജലം ശുദ്ധമായി സുക്ഷിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് തഹസില്‍ദാര്‍ പഞ്ചായത് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വേനല്‍ ശക്തമാകുന്നതിന് മുമ്പായി നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണര്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."