അധികൃതരുടെ അനാസ്ഥ: സഞ്ചാരികള്‍ കര്‍ലാടിനെ കൈയൊഴിയുന്നു
പടിഞ്ഞാറത്തറ: പ്രളയക്കെടുതികള്‍ക്ക് ശേഷം അധികൃതരുടെ അനാസ്ഥ കാരണം സഞ്ചാരികള്‍ കര്‍ലാട് ടൂറിസം മേഖലയെ കൈയൊഴിയുന്നു.
സംസ്ഥാനത്ത് തന്നെ ടൂറിസം മേഖല തിരിച്ചു വരവിന്റെ പാതയിലാകുമ്പോഴും വയനാട് ജില്ലയിലെ കര്‍ലാട് ചിറ പൂര്‍ണമായും അവഗണനയില്‍ തന്നെ തുടരുകയാണ്. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. സാഹസിക ടൂറിസം കൊണ്ട് ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്ന ഇവിടുത്തെ പദ്ധതികളെല്ലാം പാതിവഴിയില്‍ നിലച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയാവാത്തതും ടൂറിസം മേഖലയിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചതും ഇവിടെ ആളൊഴിഞ്ഞ മട്ടായി മാറിയിരിക്കയാണ്.
പ്രധാന ആകര്‍ഷണമായ സിപ് ലൈന്‍ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായെങ്കിലും പുനരാരംഭിക്കാനുള്ള നടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല. വിദേശത്ത് നിന്നും വരുന്ന വിനോദസഞ്ചാരികള്‍ക്ക് സിപ് ലൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിലച്ചതില്‍ നിരാശരായി തിരിച്ചു പോവുകയാണ്. സിപ് ലൈന്‍ പ്രവര്‍ത്തിക്കാന്‍ റിസീവിങ് പോയിന്റ് അടക്കമുള്ളവ ലഭ്യമായതോടെയാണ് ഈ പദ്ധതി പൂര്‍ണമായും നിലച്ചത്. എന്നാല്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
സിപ് ലൈനിന്റെ കേബിള്‍ ഇല്ലാത്തതാണ് തടസമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ജില്ലയിലെ മറ്റു സ്വകാര്യ സിപ് ലൈന്‍ പദ്ധതികളെ സഹായിക്കാനുമാണെന്നുള്ള പരാതിയും ഉയരുന്നുണ്ട്. ചിറയില്‍ ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന നിര്‍മാണങ്ങളും ഇഴഞ്ഞു നീങ്ങുകയാണ്. 31നകം പണി പൂര്‍ത്തികരീക്കണമെന്ന് കലക്ടറുടെ ഉത്തരവുണ്ടായിട്ടും പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ടൂറിസം മേഖലയിലുള്ളവരെല്ലാം ഈ കേന്ദ്രത്തെ കൈയൊഴിഞ്ഞിരിക്കുകയാണ്. കോടികളുടെ വരുമാന നഷ്ടമാണ് ഇവിടെ. കച്ചവട സ്ഥാപനങ്ങളെല്ലാം വിനോദ സഞ്ചാരികള്‍ ഇല്ലാത്തതിനാല്‍ അടഞ്ഞു കിടക്കുകയാണ്. ജനപ്രതിനിധികളോ ഉന്നത ഉദ്യോഗസ്ഥരോ ഈ മേഖലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."