ഇന്റര്‍നാഷനല്‍ ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം
ബോബന്‍സുനില്‍
കാട്ടാക്കട: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ലക്ഷങ്ങള്‍ ചിലവഴിച്ച് തുടങ്ങാന്‍ പോകുന്ന രാജ്യാന്തര ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രത്തിന്റെ വരവും കാത്ത് നെയ്യാര്‍ഡാം.
പദ്ധതി ഒന്നുകില്‍ വനത്തിലോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ ഭൂമിയിലോ ആരംഭിക്കാനും അത് തിരുവനന്തപുരം ജില്ല തന്നെ ആയിരിക്കുകയും വേണം എന്ന ശുപാര്‍ശ ഉയര്‍ന്ന സാഹചര്യത്തിലാണ് നെയ്യാറിന് സാധ്യതയേറുന്നതും സ്വപ്നങ്ങള്‍ക്ക് നിറം വയ്ക്കുന്നതും.
കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും അതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറി തലത്തില്‍ നീക്കം നടക്കുകയാണ് വരുന്ന സാഹചര്യത്തില്‍ ലോകമാകമാനം ആയുര്‍വേദത്തിന് വന്‍ പിന്തുണ ഉയര്‍ന്നതിനാല്‍ അത് കേരളത്തിന് ഗുണമാകുകയും അത് പരമാവധി ഉപയോഗപ്പെടുത്താനുമാണ് ഈ പദ്ധതിയ്ക്ക് പ്രചോദനമായത്.കേരളത്തില്‍ വരുന്ന പദ്ധതിക്ക് മറ്റ് ജില്ലകള്‍ നോക്കിയെങ്കിലും തലസ്ഥാനത്തിനാണ് മുന്തിയ പരിഗണന നല്‍കിയത്.
അതാണ് നെയ്യാറിലേക്ക് നോട്ടം പോയത്. ആയുര്‍വേദ ചികിത്സയുടെ പഠനം, ഗവേഷണം, മരുന്നിനായുള്ള ചെടികളുടെ തോട്ടം, ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സാലയം തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതിയാണ് ഇത്. ഈ കേന്ദ്രത്തിന് 100 ഏക്കര്‍ സ്ഥലം വേണം. അതാണ് സര്‍ക്കാര്‍ നെയ്യാറിനെ കുറിച്ച് ചിന്തിച്ചത്. നെയ്യാര്‍- അഗസ്ത്യവനം പദ്ധതി ഭാഗത്ത് ആവശ്യത്തിന് സ്ഥലമുണ്ട്. മാത്രമല്ല ഒരു ഔഷധ തോട്ടം സ്ഥാപിക്കാന്‍ വനം വകുപ്പ് തീരുമാനിക്കുകയും അതിനായി ലക്ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്തിരുന്നു.
നെയ്യാര്‍വന്യജീവി സങ്കേതത്തില്‍പ്പെടുന്ന കാപ്പുകാട്ടില്‍ ഔഷധത്തോട്ടം പദ്ധതി തുടങ്ങിയത്. അപൂര്‍വവും വംശനാശം നേരിടുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കാനും നട്ടുവളര്‍ത്താനും അത് പുറം നാട്ടില്‍ വില്‍ക്കാനും പഠന-ഗവേഷങ്ങള്‍ക്കുമാണ് പദ്ധതി തയാറാക്കിയത്. അഗസ്ത്യമലയിലെ അപൂര്‍വസസ്യങ്ങള്‍ ശേഖരിക്കുകയും ആദിവാസികളായ കാണിക്കാരുടെ സഹായത്തോടെ അത് നട്ടുവളര്‍ത്താനുമായിരുന്നു പദ്ധതി.
ഇത് പ്രകാരം നിരവധി സസ്യങ്ങളാണ് ഇവിടെ നട്ടത്. ഇതിനായി ഏതാണ്ട് അഞ്ച് ഹെക്ടറോളം സ്ഥലം വേര്‍തിരിക്കുകയും അവിടെ കമ്പി വേലി കെട്ടി സുരക്ഷിതമാക്കുകയും ചെയ്തു. കാണിക്കാരെ നിയോഗിച്ച് കാട്ടില്‍ നിന്നും ഔഷധങ്ങളെ കണ്ടെത്തി നാട്ടുകാരെ കൂടി ഉള്‍പ്പെടുത്തി തോട്ടം വിപുലമാക്കുകയും ചെയ്തു. ഇതിനായി വനം വകുപ്പില്‍ ഒരു വിഭാഗം തന്നെ ഉണ്ടാക്കി പദ്ധതി വിപുലമാക്കാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.പദ്ധതിയ്ക്കായി തുടക്കത്തില്‍ 25 ലക്ഷത്തോളം രൂപ ചിലവഴിക്കുകയും ചെയ്തു. നിരവധി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത പദ്ധതി 1996 നവംബര്‍ 21 ന് അന്നത്തെ വനം മന്ത്രി കടവൂര്‍ശിവദാസന്‍ ഉദ്ഘാടനം നടത്തുകയും ചെയ്തു.
വന്‍ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ നിരവധി പ്രഖ്യാപനങ്ങളും ഉണ്ടായി. ഉദ്ഘാടനത്തിന് ശേഷം വനം വകുപ്പ് തകര്‍ത്ത് ഓടുകയായിരുന്നു. ഇതിനിടെ ആയുര്‍വേദ ഔഷധനിര്‍മാതക്കളെ സമീപിച്ച് ഔഷധങ്ങളുടെ കച്ചവടവും ഉറപ്പിച്ചു. പഠിക്കാനും ഗവേഷണം നടത്താനും നിരവധി പേരാണ് ഇവിടെ എത്തിയത്. ഉദ്ഘാടനത്തിനുശേഷം മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ വനം വകുപ്പ് തളര്‍ന്നു തുടങ്ങി.
ഫണ്ട് അനുവദിക്കാതെയുമായി. സസ്യങ്ങളെ പരിപാലിക്കുന്നത് നിറുത്തി. ഔഷധഭൂമിയില്‍ കാട് കയറി തുടങ്ങി. ഇവിടെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. പിന്നെ പരിപാലിക്കാന്‍ താല്‍ക്കാലിക വനപാലകരെ നിയോഗിച്ചു.
അതോടെ പദ്ധതി തകര്‍ന്നു. ഇപ്പോള്‍ സ്ഥലം കാടുകയറി നശിക്കുന്നു. ഔഷധസസ്യങ്ങള്‍ ഒക്കെ മോഷണം പോയി. ഇപ്പോള്‍ കാലികള്‍ക്ക് മേച്ചില്‍പുറമാണ് ഇവിടം. ഇവിടെ കുറച്ച് കൂടി സ്ഥലം ഏറ്റെടുക്കാന്‍ വലിയ വിഷമമില്ല. അതാണ് നെയ്യാറിന് നറുക്ക് വീണത്.
അഥവാ വനം വകുപ്പ് തടസ വാദം ഉന്നയിച്ചാല്‍ തുറന്നജയിലില്‍ ആവശ്യത്തിന് സ്ഥലമുണ്ട്. 400 ഏക്കറോളം വരുന്ന ജയിലില്‍ കൃഷിക്ക് മാത്രം ഉപയോഗിക്കുന്ന സ്ഥലം ഇതിന് നല്‍കാന്‍ തടസവുമില്ല. മാത്രമല്ല കോട്ടൂരില്‍ സര്‍ക്കാര്‍ വക സ്ഥലം വന ഭൂമിയോട് ചേര്‍ന്നു കിടക്കുകയാണ്. അതും 200 ഏക്കറിലെറെ വരും. അതും ലഭ്യമാണ് . ഇതു സംബന്ധിച്ച് വിദഗ്ദസംഘം എത്തി പരിശോധിച്ചതുമാണ്. അതാണ് നെയ്യാറിന് പിന്തുണ നല്‍കുന്നതും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."