ഫ്രീക്കന്മാര്‍ ജാഗ്രതൈ; പുതുവര്‍ഷ ആഘോഷം റോഡിലായാല്‍ പിടിവീഴും
തിരൂരങ്ങാടി: നടുറോഡില്‍ പുതുവര്‍ഷം ആഘോഷിക്കാനിറങ്ങുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ താക്കീത്. പുതുവര്‍ഷാഘോഷങ്ങള്‍ അപകടരഹിതമാക്കാന്‍ ജില്ലാ ആര്‍.ടി.ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കര്‍ശന നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. .
ഇതിന്റെ ഭാഗമായി 31ന് രാത്രികാല പരിശോധന കര്‍ശനമാക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് പുറമേ എല്ലാ സബ് ആര്‍.ടി.ഒ ഓഫിസിലെ സ്‌ക്വോഡും രാത്രികാല പരിശോധന നടത്തും. കൂടാതെ പ്രധാന ഹൈവേകള്‍, നഗരങ്ങള്‍ എന്നിവടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ ദൃശ്യങ്ങളും ചിത്രങ്ങളും എടുത്ത് നടപടി സ്വീകരിക്കുന്നതിന് 'മൂന്നാംകണ്ണ്' സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഫോട്ടോ, വീഡിയോ എടുത്ത് അതാത് ജോയിന്റ് ആര്‍.ടി.ഒ ഓഫിസര്‍മാരുടെ വാട്‌സ്ആപ് നമ്പറിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്. നിയമവിരുദ്ധമായ ലൈറ്റുകള്‍, അമിതശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍, അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വാഹന ഉടമയുടെയും ഡ്രൈവറുടെയും പേരില്‍ കര്‍ശന നടപടി സ്വീകരിക്കും. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹന ഉടമയുടെ പേരിലും രക്ഷിതാക്കളുടെ പേരിലും നടപടിയെടുക്കും. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാന ദേശീയപാത കേന്ദ്രീകരിച്ച് മഫ്തിയിലും രാത്രികാല പരിശോധന നടത്തുന്നതാണ്.
കക്കാട്, ചങ്കുവെട്ടി, കോട്ടക്കല്‍, മലപ്പുറം തുടങ്ങിയ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് സര്‍പ്രൈസ് സ്‌ക്വോഡ് പരിശോധനക്ക് തുടക്കംകുറിച്ചു.
എം.വി.ഐമാരായ എം.പി അബ്ദുല്‍ സുബൈര്‍, കെ. അഫ്‌സല്‍അലി, റോണിവര്‍ഗീസ്, എ.എം.വി.ഐമാരായ പി.കെ മുഹമ്മദ് ഷെഫീഖ്, കെ. രമേശന്‍, ആര്‍. രൂപേഷ്, കെ. ശ്രിജിത്, ഡ്രൈവര്‍മാരയ എ.പി അബ്ദുല്ലക്കുട്ടി, കെ. ബിജു, കെ. ശശിധരന്‍, എം. അജയന്‍ എന്നിവരാണ് പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."