ഗൊരഖ്പൂര്‍: സര്‍ക്കാരിന്റെ അവകാശവാദം തെറ്റ് കുട്ടികള്‍ മരിച്ചത് ജപ്പാന്‍ ജ്വരം ബാധിച്ചല്ലെന്ന് ആശുപത്രി രേഖകള്‍
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവം മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നായിരുന്നില്ലെന്ന് വിവരം. ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡിലാണ് ഈ വിവരമുള്ളത്. ആശുപത്രിയില്‍ ചികിത്സക്കിടയില്‍ 79 കുട്ടികളാണ് മരിച്ചത്.
ഇവരില്‍ പലരും ഓക്‌സിജന്‍ ലഭിക്കാതെയാണ് മരിച്ചതെന്ന് കണ്ടെത്തിയതോടെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിനിടയില്‍ കുട്ടികളുടെ മരണകാരണം മസ്തിഷ്‌ക ജ്വരമാണെന്ന് മുഖ്യമന്ത്രിയും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ആശുപത്രി രേഖ.
കുട്ടികളില്‍ 30 പേരുടെ മരണം ഓഗസ്റ്റ് 10,11 തിയതികളിലാണ്. ഇവരുടെയെല്ലാം മരണകാരണങ്ങള്‍ മസ്തിഷ്‌ക ജ്വരമല്ല. അതേസമയം പല രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികളെ പ്രവേശിപ്പിച്ച വാര്‍ഡിന്റെ മോശപ്പെട്ട അവസ്ഥയാണ് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായിരുന്ന പലകുട്ടികള്‍ക്കും വെന്റിലേറ്റര്‍ സൗകര്യം ആവശ്യമായിരുന്നു.
എന്നാല്‍ ഇത് ലഭ്യമാക്കാനുള്ള സജ്ജീകരണം ഇവിടെയുണ്ടായിരുന്നില്ലെന്ന് ശിശുരോഗ വിദഗ്ധനും ഡല്‍ഹി റെഡ് ക്രോസ് ആശുപത്രിയിലെ ഡോക്ടറുമായ ദിനേശ് കപില്‍ പറഞ്ഞു.
കുട്ടികളെ പ്രവേശിപ്പിച്ച വാര്‍ഡ് കുറ്റമറ്റരീതിയിലായിരുന്നില്ല. ഈ വര്‍ഷം ജൂലൈ വരെ 3,878 കുട്ടികളെയാണ് ഇവിടത്തെ ശിശുരോഗ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവരില്‍ 596 കുട്ടികള്‍ മരിച്ചു. ഇക്കാലയളവില്‍ 2,386 നവജാത ശിശുക്കളില്‍ 931 പേരും മരിച്ചു.
ശിശുസംരക്ഷണത്തില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംസ്ഥാനത്ത് 1000 കുട്ടികളില്‍ 78 പേര്‍ എന്ന നിലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
കഴിഞ്ഞ ജൂലൈ 14ന് കുട്ടികളുടെ ആരോഗ്യ സ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഇടതടവില്ലാതെ സംരക്ഷണം നല്‍കുന്നതിനുള്ള സാധ്യതയായിരുന്നു ശില്‍പശാലയുടെ മുഖ്യലക്ഷ്യമായിരുന്നതെങ്കിലും ഇവിടെ ഇതൊന്നും നടപ്പാക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇക്കാര്യത്തില്‍ തികഞ്ഞ അവഗണനയായിരുന്നു തുടര്‍ന്നുവന്നിരുന്നത്.
ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് റിസര്‍ച്ച് വിഭാഗത്തിലെ ഡയരക്ടര്‍ ജനറല്‍ സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഒരുപാട് രോഗികള്‍ ജപ്പാന്‍ജ്വരം ബാധിച്ച് മരിക്കില്ലെന്ന കാര്യം വ്യക്തമാണെന്ന് ഉത്തര്‍പ്രദേശിലെ ജപ്പാന്‍ ജ്വരം നിയന്ത്രണ പദ്ധതി വിഭാഗം വ്യക്തമാക്കുന്നു. എന്നാല്‍ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം കൈകാര്യം ചെയ്തതിലെ പാകപ്പിഴയാണ് കുട്ടികളുടെ കൂട്ടത്തോടെയുള്ള മരണത്തിന് കാരണമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. പൊതുജനാരോഗ്യരംഗത്ത് ദയനീയമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ജനസംഖ്യയില്‍ 25 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായപ്പോള്‍ പൊതുജനാരോഗ്യരംഗത്തെ സര്‍ക്കാരിന്റെ ശ്രദ്ധ എട്ടുശതമാനമായി കുറഞ്ഞുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."