ബ്ലൂവെയില്‍ എന്ന മരണക്കളി
കണ്ണൂര്‍: പുതുതലമുറയെ മരണക്കയത്തില്‍ തള്ളിയിടുന്ന മരണക്കളിയായി ബ്ലൂവെയില്‍ മാറിയതോടെ പൊലിസ് ബോധവത്കരണം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ മാത്രമല്ല രക്ഷിതാക്കളും ബോധവാന്‍മാരാകണമെന്നു ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു. ബ്ലൂവെയില്‍ മാത്രമല്ല മറ്റു പല അപകടകരമായ ഗെയിമും കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. ഇതു ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിക്കണമെന്ന് പൊലിസ് രക്ഷിതാക്കളോട് ആവശ്യപ്പെടും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെ സ്‌കൂളുകളിലും കോളജുകളിലും സ്റ്റുഡന്റ് പൊലിസ്, സന്നദ്ധ സംഘടനകള്‍, അധ്യാപക രക്ഷാകര്‍തൃ സമിതി എന്നിവ വഴിയാണ് ബോധവത്കരണം നടത്തുന്നത്. നിലവില്‍ ലഹരിക്കെതിരേ പൊലിസ് ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. ഇതിനിടെ തലശ്ശേരി കാവുംഭാഗത്തെ സാവന്ത്(22) മരിച്ചത് ബ്ലൂവെയിലെന്ന മരണക്കളിയാണെന്ന അഭ്യൂഹം നിലനില്‍ക്കെ ഇതിനു മുന്‍പുണ്ടായ നിരവധി ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതാണെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കൈ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലും ബ്ലൂവെയില്‍ ഗെയിം സ്വാധീനമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. മദ്യപാനമോ മറ്റു ദു:ശ്ശീലങ്ങളോയില്ലാത്ത പ്രദേശവാസികള്‍ക്കെല്ലാം പൊതുസ്വീകാര്യനായ യുവാവ് കൈകളുടെ ഞരമ്പ് മുറിക്കുകയും തുടര്‍ന്ന് ഞരമ്പുകള്‍ വലിച്ച് പുറത്തിടുകയും ചെയ്താണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പതിനയ്യായിരം രൂപയോളം വിലയുള്ള മൊബൈല്‍ ഫോണ്‍ ഇയാള്‍ വാങ്ങിയതായി പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തുക്കളെ വിട എന്നും, മരിച്ചാല്‍ നിങ്ങള്‍ കരയുമോ എന്നുമുള്ള സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച ഫോണ്‍ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ പള്ളൂര്‍, മാഹി പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇല്ലാത്തതിനാല്‍ കേരളത്തിലെ പ്രധാന സൈബര്‍ സ്റ്റേഷനില്‍ നല്‍കി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."