മാവുങ്കാലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധ സംഗമവുമായി ബന്ധപ്പെട്ട് കോട്ടപ്പാറ, മാവുങ്കാല്‍ പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്ക്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം ഉടലെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെ നെല്ലിത്തറ, മാവുങ്കാല്‍ ഭാഗങ്ങളില്‍ അക്രമമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പറയുന്നു. ഇതു മാവുങ്കാലില്‍ ബി.ജെ.പി-സി.പി.എം ഏറ്റുമുട്ടലിനു വഴിവച്ചു. പ്രവര്‍ത്തകര്‍ പോകുമ്പോള്‍ തന്നെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചിരുന്നതായും ഡി.വൈ.എഫ്.ഐ ആരോപിച്ചു. പരിപാടി കഴിഞ്ഞ് വാഹനങ്ങളില്‍ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.
മാവുങ്കാലില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പൊലിസ് 10 തവണ ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ഇരുഭാഗത്തെയും നേതാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്കു പരുക്കേറ്റു. പൊലിസും ബി.ജെ.പി പ്രവര്‍ത്തകരും ഏറെനേരം ഏറ്റുമുട്ടി. വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍ കുമാര്‍ ഉള്‍പ്പെടെ പതിനെട്ടോളം പൊലിസുകാര്‍ക്കു പരുക്കേറ്റു. മാവുങ്കാലില്‍ പൊലിസ് വ്യാപകമായി അക്രമം കാട്ടിയതായും ആക്ഷേപമുണ്ട്. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പൊലിസ് തകര്‍ത്തതായി വ്യാപാരികള്‍ ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
മൈക്കും കൊടിയും അഴിച്ചുമാറ്റാന്‍ ഉണ്ടായിരുന്ന അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കോട്ടപ്പാറയില്‍ വളഞ്ഞുവച്ചിരുന്നു. പൊലിസ് ഇവരെ പിന്നീട് സ്ഥലത്ത് നിന്നു സുരക്ഷിതമായി മാറ്റി. സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ടു സി.പി.എം പ്രവര്‍ത്തകരായ മടിക്കൈ മധുരക്കോട്ടെ ആദര്‍ശ്, ശ്യാംജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സി.പി.എം പ്രവര്‍ത്തകരായ നാഗേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു, മധു പാലായി, രാജന്‍ അമ്പലത്തറ അനില്‍ കുമാര്‍ എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ മീങ്ങോത്തെ ശ്രീജിത്ത്, പൂച്ചക്കാട്ടെ രാജന്‍, പുതിയ കണ്ടത്തെ പ്രസാദ് എന്നിവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."