കിങ് റയല്‍;സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ജേതാക്കള്‍
മാഡ്രിഡ്: ആദ്യ ഘട്ടത്തിലെ തോല്‍വിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന ബാഴ്‌സലോണയുടെ പ്രതീക്ഷയെ തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് കിരീടം ചൂടി. രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്‌സയെ റയല്‍ തകര്‍ത്തത്. ഇരുപാദങ്ങളിലുമായി 5-1ന്റെ ഗംഭീര വിജയമാണ് റയല്‍ സ്വന്തമാക്കിയത്. മാര്‍കോ അസെന്‍സിയോ, കരീം ബെന്‍സേമ എന്നിവരാണ് റയലിന്റെ വിജയ ഗോളുകള്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരത് ബെയിലും കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബാഴ്‌സലോണയ്ക്കായിരുന്നു സാധ്യത പ്രവചിച്ചത്. എന്നാല്‍ ജയിക്കാന്‍ ഇവരാരും വേണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു റയല്‍. ബാഴ്‌സയ്ക്ക് ഒരവസരവും നല്‍കാതെയായിരുന്നു റയലിന്റെ പ്രകടനം. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ആദ്യ പാദത്തിലേറ്റ തോല്‍വിയില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബാഴ്‌സയുടെ പ്രകടനം.
സൂപ്പര്‍ താരം നെയ്മര്‍ ക്ലബ് വിട്ടതിനാല്‍ മുന്നേറ്റത്തില്‍ വേണ്ടത്ര ഏകോപനമില്ലാത്തതും ടീമിന് തിരിച്ചടിയായി. മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങളിലൂടെ റയലാണ് മത്സരങ്ങളെ നിയന്ത്രിച്ചത്. അസെന്‍സിയോ എന്ന പ്രതിഭയുടെ മിടുക്കും പ്രകടമായിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ താരം റയലിന്റെ അക്കൗണ്ട് തുറന്നു. സീസണില്‍ അസെന്‍സിയോയുടെ രണ്ടാം ഗോളായിരുന്നു ഇത്. ബെന്‍സെമയുടെ ഗോള്‍ പിറന്നത് 39ാം മിനുട്ടിലാണ്. ലൂക്കാസ് വാസ്‌ക്വെസിന്റെ തകര്‍പ്പനൊരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയെങ്കിലും ബെന്‍സേമ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
സീസണില്‍ റയലിന്റെ രണ്ടാം കിരീടമാണിത്. നേരത്തെ യൂറോപ്പ്യന്‍ സൂപ്പര്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി റയല്‍ ജേതാക്കളായിരുന്നു. ബാഴ്‌സയുടെ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെ ടീമില്‍ അടിമുടി മാറ്റംവരുത്തിയാണ് കളത്തിലിറക്കിയത്. നേരത്തെ 4-3-3 ശൈലിയില്‍ കളിച്ച് പരാജയപ്പെട്ട ടീമിനെ 3-5-2 ശൈലിയിലാണ് വാല്‍വെര്‍ദെ കളത്തിലിറക്കിയത്. ലയണല്‍ മെസ്സിയും സുവാരസുമാണ് മുന്നേറ്റത്തില്‍ കളിച്ചത്. എന്നാല്‍ മധ്യ-പ്രതിരോധ നിരയുടെ ഏകോപനമില്ലായ്മ ടീമിനെ പിറകോട്ടടിച്ചു. രണ്ടാം പകുതിയില്‍ മെസ്സിയും സുവാരസും തൊടുത്ത ഓരോ ഷോട്ടുകളാണ് ബാഴ്‌സയില്‍ നിന്നുണ്ടായത്. കഴിഞ്ഞ മത്സരത്തില്‍ റഫറിയെ തള്ളിയതിന് അഞ്ചു കളിയില്‍ വിലക്ക് നേരിട്ട ക്രിസ്റ്റ്യാനോയും വിശ്രമമനുവദിച്ച ഗരത് ബെയ്‌ലും മത്സരം കാണാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."