ചെറുപുഴയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായേക്കും
ചെറുപുഴ: പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ മാണി ഗ്രൂപ്പ് പിന്‍വലിച്ചതോടെ ഭരണം ആശങ്കയില്‍. ഭാവികാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മാണി വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറു മാസമായി യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ അകന്നിട്ട്.
ഇരു വിഭാഗവും പല വിഷയങ്ങളിലും പരസ്പരം പഴിചാരിയും യോഗങ്ങളില്‍ ചെളിവാരിയെറിയലും തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിനെതിരേ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചതു മുതല്‍ തുടങ്ങിയ പ്രശ്‌നം കഴിഞ്ഞദിവസം പൂര്‍ണമായും മറനീക്കി പുറത്ത് വന്നിരുന്നു. വിമതയായി വിജയിച്ച ആളെ തെരഞ്ഞെടുപ്പ് സമയത്ത് പുറത്താക്കിയിരുന്നെങ്കിലും കോണ്‍ഗ്രസിന് പഞ്ചായത്തില്‍ ഭൂരിപക്ഷം കുറഞ്ഞതോടെ ഇവരെ ആരുമറിയാതെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുകയായിരുന്നു.
ഇത് കേരള കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു. മാണി വിഭാഗം യു.ഡി.എഫ് വിട്ടതോടെ സ്വതന്ത്രരായ ഇവര്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ഇതിനിടയിലൂടെ സി.പി.എം സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. അതോടെ ഭരണം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അനിവാര്യതയായി. കഴിഞ്ഞദിവസം നടന്ന ഒരു യോഗത്തില്‍ സംസാരിച്ച മാണി വിഭാഗം അംഗത്തെ കോണ്‍ഗ്രസ് നേതാവ് ആശംസാ പ്രസംഗത്തിലൂടെ അവഹേളിച്ചുവെന്ന പരാതിയാണ് പെട്ടെന്നുള്ള പിന്‍വലിക്കല്‍ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. വാര്‍ത്താസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളായ ഡെന്നി കാവലം, ജോബിച്ചന്‍ മൈലാടൂര്‍, ജോയി ജോസഫ്, ജോയി ചൂരനോലില്‍, സജി തോപ്പില്‍, സാജു പുത്തന്‍പുര, ജോബിന്‍ മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."