കായംകുളത്ത് എട്ട് കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി
കായംകുളം(ആലപ്പുഴ): കായംകുളം കൃഷ്ണപുരത്ത് എട്ടു കോടിയോളം നിരോധിത നോട്ടുമായി അഞ്ചുപേരെ പൊലിസ് പിടികൂടി. പാലക്കാട് സ്വദേശികളായ നാലുപേരെയും കോഴിക്കോട് സ്വദേശിയേയുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം പൊലിസ് പിടികൂടിയതെന്ന് എസ്.പി എസ്.സുരേന്ദ്രന്‍ പറഞ്ഞുു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്.
കോഴിക്കോട് കൊടുവള്ളി കരിങ്ക മങ്കുഴിയില്‍ മുഹമ്മദ് നൗഷാദ്(35), പാലക്കാട് സ്വദേശികളായ ദാറുല്‍മനാര്‍ മുഹമ്മദ് ഹാരിസ്(53), ആലത്തൂര്‍ എരമയൂര്‍ വടക്കുംപുറം വീട്ടില്‍ പ്രകാശ്(52), എരമയൂര്‍ ഇറയന്‍ചിറ വീട്ടില്‍ അബ്ദുല്‍ റസീല്‍(37), കൂട്ടാല കുന്നിശ്ശേരി മോഴിയില്‍ മുച്ചിയില്‍ മുക്കില്‍ വീട്ടില്‍ അഷ്‌റഫ് (30) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച രണ്ടു കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓച്ചിറ ഭാഗത്തേക്ക് ഓടിച്ചുപോയ ഇവരോടൊപ്പമുള്ളതെന്നു സംശയിക്കുന്ന മറ്റൊരു കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരു കാറുകളില്‍നിന്നുമായി ഏഴുകോടി തൊണ്ണൂറ്റിരണ്ടുലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയുടെ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് പിടിച്ചെടുത്തത്.
പെട്ടികളിലും ചാക്കുകളിലും നിറച്ച് ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. കോയമ്പത്തൂരില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച പഴയ നോട്ടുകള്‍ കായംകുളം സ്വദേശിയില്‍ നിന്നും മാറി വാങ്ങാന്‍ എത്തിയതാണെന്നാണ് ഇവര്‍ പൊലിസിനു നല്‍കിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിലൂടെയേ സത്യാവസ്ഥ മനസിലാക്കാന്‍ കഴിയുകയുള്ളൂവെന്നും എസ്.പി പറഞ്പു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."