കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയോട് കെ.പി.സി.സി വിശദീകരണം തേടി
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയതിനെക്കുറിച്ച് കോണ്‍ഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയോട് കെ.പി.സി.സി വിശദീകരണം തേടി. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഏതു സാഹചര്യത്തിലാണ് പാര്‍ക്കിന് അനുമതി നല്‍കിയതെന്നതു സംബന്ധിച്ചാണ് വിശദീകരണം തേടിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അറിയിച്ചു.
മന്ത്രി തോമസ്ചാണ്ടിയും അന്‍വറും നടത്തിയ ഭൂമി കൈയേറ്റത്തിനെതിരേ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്ന ആരോപണം ശരിയല്ല. നിയമസഭയില്‍ യു.ഡി.എഫ് അടിയന്തരപ്രമേയം കൊണ്ടുവന്നിട്ടുണ്ട്. രണ്ടിടങ്ങളിലും പാര്‍ട്ടിയും യൂത്ത് കോണ്‍ഗ്രസും സമരം നടത്തുന്നുണ്ട്. എല്ലാ കാര്യത്തിലും എല്ലാ ദിവസവും സമരം ചെയ്യുന്ന രീതി പാര്‍ട്ടിക്കില്ല.
ഭൂമി കൈയേറ്റവും നിയമലംഘനവും ഇടതുമുന്നണിയുടെ സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. മൂന്നാറില്‍ സി.പി.എം എം.എല്‍.എ തന്നെ ഭൂമി കൈയേറിയിട്ടുണ്ട്. കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി പറയുന്നത് മുഖവിലയ്‌ക്കെടുക്കാനാവില്ല. നിയമസഭയില്‍ മന്ത്രി കൈയേറ്റങ്ങളെ ന്യായീകരിച്ചിട്ടുണ്ട്. ആരോപണങ്ങളെ രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ് മുഖ്യമന്ത്രി തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ റവന്യൂ മന്ത്രിക്ക് എന്തു നടപടിയാണെടുക്കാനാവുകയെന്ന് അദ്ദേഹം ചോദിച്ചു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുഴഞ്ഞുമറിഞ്ഞ പ്രശ്‌നമായി മാറിയിട്ടുണ്ട്. അതു പരിഹരിക്കുന്നതില്‍ ആരോഗ്യമന്ത്രി പരാജയപ്പെട്ടു. പനി വ്യാപനം തടയുന്നതിലും സ്വാശ്രയ പ്രവേശന വിഷയത്തിലും പരാജയപ്പെട്ട ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."